ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്നതോടെ നടപ്പാക്കാന്‍ വിസ്മയകരമായ പദ്ധതികളുമായി ഇലോണ്‍ മസ്‌ക്. ലോകത്തെ ഒന്നാം നമ്പര്‍ കോടീശ്വരനായ ഇലോണ്‍ മസ്‌കിന് ബഹിരാകാശത്തടക്കം അത്ഭുതങ്ങള്‍ കാട്ടാനുള്ള കഴിവുണ്ടെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. മസ്‌കിന്റെ 'ബുദ്ധി'യില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാസമയം കുറയുമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. അമേരിക്ക - ഇന്ത്യ യാത്ര സമയത്തിലടക്കം വിസ്മയകരമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് മസ്‌കിന്റെ കയ്യിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള യാത്രാവേഗം കൂട്ടുന്ന സ്റ്റാര്‍ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നിലവില്‍ ഇന്ത്യ - അമേരിക്ക യാത്രക്ക് 22 മണിക്കൂര്‍ മുതല്‍ 38 മണിക്കൂര്‍ വരെയാണ് സമയമെടുക്കുക. എന്നാല്‍ ഇത് കേവലം അര മണിക്കൂറില്‍ സാധിക്കുന്ന നിലയിലുള്ള പദ്ധതിയാണ് മസ്‌ക് ആവിഷ്‌കരിച്ചിരിക്കുന്നതെന്നാണ് ഡെയ്ലി മെയില്‍ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പേസ് ട്രാവല്‍ പദ്ധതിയായ സ്‌പേസ് എക്‌സിനൊപ്പം 'സ്റ്റാര്‍ഷിപ്പ്' എന്ന പേരില്‍ അതിവേഗ യാത്ര പദ്ധതിയും മസ്‌ക് വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.
1000 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്ര സംവിധാനമാണ് മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് പ്ലാനിലുള്ളതെന്നാണ് ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാര്‍ഷിപ്പിന്റെ യാത്ര.