തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി മന്ത്രാലയത്തിന്റെ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സൗദിയില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ പിടികൂടിയത് 20124 നിയമ ലംഘകരെ.
സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവരെ പിടികൂടിയത്. ഇതില്‍ 11,607 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്.
താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ ആറ് പേര്‍ വേറെയും പിടിയിലായിട്ടുണ്ട്. നിലവില്‍ നിയമനടപടികള്‍ നേരിടുന്ന 21,267 നിയമലംഘകരില്‍ 18,508 പുരുഷന്മാരും 2,759 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 13,354 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. ഇവരില്‍ 3,096 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി 10,458 പേരെ നാടുകടത്തുകയും ചെയ്തു.
അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒപ്പം 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും അവര്‍ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍, താമസത്തിനായി ഉപയോഗിച്ച വസതികള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മക്ക, റിയാദ് എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയില്‍നിന്നുള്ളവര്‍ 999, 996 എന്നീ നമ്പറുകളില്‍ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.