ഡല്‍ഹി നഗരത്തില്‍ വായു മലിനീകരണം അതീവ ഗുരുതരമായി മാറുന്നു. വായു നിലവാരം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളത്.
വായു മലിനീകരണം അതീവ ഗുരുതരമായതോടെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. രാവിലെ എട്ടുമണി മുതല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ നാലാം ഘട്ടം നിലവില്‍ വരും. ഇതോടെ സ്വകാര്യ വാഹനങ്ങള്‍ക്കും ഇനി നിരത്തില്‍ നിയന്ത്രണം വരും.
ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ എന്ന ക്രമീകരണത്തില്‍ ആയിരിക്കും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളൂ.
നഗരത്തില്‍ പ്രവേശനം അനുവദിക്കുന്നത് അവശ്യവസ്തുക്കളുമായി വരുന്ന വലിയ ട്രക്കുകള്‍ക്ക് മാത്രമാണ്. 10, 12 ഒഴികെ എല്ലാ ക്ലാസുകള്‍ക്കും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തും. റോഡ്, ഫ്ലൈ ഓവര്‍, പൈപ്പ് ലൈന്‍, പൊതുവായ പദ്ധതികളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ എല്ലായിടത്തും 400 മുകളില്‍ വളരെ ഗുരുതര വിഭാഗത്തിലേക്ക് അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് പോകുന്നത്.
ഗ്രേഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം ശക്തമാക്കിയതിനി ശേഷവും വായു ഗുണനിലവാരം ഗുരുതരമായി താഴുകയാണ് അതാണ് നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.