സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി പറഞ്ഞു. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.
സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് പൊലീസിന്റെ രാത്രി പരിശോധന നടന്നത്. ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന്‍ തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതായിരുന്നു പരാതി. മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.