ഡല്‍ഹി: ഓരോ ദിവസവും രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി നിയന്ത്രണങ്ങള്‍ കൊണ്ടു വരികയാണ് സര്‍ക്കാര്‍.
ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളമുള്ള സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഡല്‍ഹി സര്‍ക്കാരും ഫരീദാബാദും ഓണ്‍ലൈന്‍ ക്ലാസുകളുടെ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നോയിഡയും ഗുരുഗ്രാമും നവംബര്‍ 23 വരെ ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമായതായി ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല നവംബര്‍ 23 വരെയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല നവംബര്‍ 22 വരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.
അതിരൂക്ഷമായ സാഹചര്യമാണ് നിലവില്‍ ഡല്‍ഹിയില്‍ ഉള്ളത്. ഇന്ന് രാവിലെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 500-ല്‍ (സിവിയര്‍ പ്ലസ്) രേഖപ്പെടുത്തി. പലയിടത്തും കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ഇത് ദൃശ്യപരത കുറയ്ക്കുന്നു. നിലവില്‍ വായു ഗുണനിലവാര സൂചിക 494 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത് സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഏറ്റവും കര്‍ശനമായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ IV നിയന്ത്രണങ്ങള്‍ രാജ്യതലസ്ഥാനത്ത് നിലവിലുണ്ട്. AQI 450-ല്‍ താഴെയാണെങ്കിലും അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ ഉയര്‍ത്തരുതെന്ന് സുപ്രീം കോടതി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി-എന്‍സിആര്‍ , ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ 4-ാം ഘട്ട മലിനീകരണ നിയന്ത്രണത്തിന് കീഴിലായതിനാല്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നവയോ എല്‍എന്‍ജി, സിഎന്‍ജി, ബിഎസ്-VI ഡീസല്‍ അല്ലെങ്കില്‍ ഇലക്ട്രിക് പോലുള്ള ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നവയോ ഒഴികെയുള്ള ട്രക്കുകളുടെ പ്രവേശന നിരോധിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അത്യാവശ്യമല്ലാത്ത ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളും ഇലക്ട്രിക്, സിഎന്‍ജി അല്ലെങ്കില്‍ ബിഎസ്-VI ഡീസല്‍ എന്നിവയും നിരോധിച്ചിരിക്കുന്നു. പൊതുമേഖലാ പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
എന്നാല്‍ ഈ അതിരൂക്ഷമായ സാഹചര്യം വക വയ്ക്കാതെ ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടരുകയാണ്. മലിനീകരണം കാരണം 22 ട്രെയിനുകള്‍ വൈകിയതായും ഒമ്പത് ട്രെയിനുകള്‍ പുനഃക്രമീകരിച്ചതായും റെയില്‍വേ അറിയിച്ചു.