ഇക്കൊല്ലത്തെ വിന്ററിന് തുടക്കമിട്ട് തിങ്കളാഴ്ച്ച മുതൽ യുകെയിലെമ്പാടും മഞ്ഞുവീഴ്ച്ച കനത്തുതുടങ്ങിയതിനാൽ, വാഹന യാത്രക്കാർക്കും ഡ്രൈവർമാർക്കും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
വയോധികർക്കും അസുഖബാധിതർക്കും ആരോഗ്യനില കുറഞ്ഞവർക്കുമുള്ള ജാഗ്രതാ മുന്നറിയിപ്പ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ് ഗതാഗതത്തിനു പുറമെ, റെയിൽ ഗതാഗതവും വ്യാപകമായി തടസ്സപ്പെടും. അതിശൈത്യത്തിൽ പാളങ്ങൾ ചുരുങ്ങുമെന്നതിനാൽ, ട്രെയിൻ സർവ്വീസുകൾ പലതും വൈകുകയും ട്രെയിനുകൾ വേഗത കുറച്ച് സർവ്വീസ് നടത്തുകയും ചെയ്യും.
യാത്രക്കാർ പുറപ്പെടും മുമ്പ് സർവ്വീസുകൾ ഉറപ്പുവരുത്തണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി കേൾക്കണമെന്നും ട്രെയിൻ സർവ്വീസ് നടത്തിപ്പുകാർ ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച ലണ്ടനിൽ -2C, ബർമിംഗ്ഹാമിൽ -4C, വടക്ക് -7C എന്നിങ്ങനെ രാത്രി താപനില താഴുമെന്ന് പ്രവചിക്കപ്പെടുന്നു.
ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് മേഖലകളിലെ ദേശീയ പാത റോഡുകളിൽ കടുത്ത മഞ്ഞുവീഴ്ച്ച കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ M56, ലീഡ്‌സ്, ഷെഫീൽഡ് എന്നിവിടങ്ങളിലെ M1 എന്നിവയുൾപ്പെടെയുള്ള റോഡുകളിൽ 5cm വരെ മഞ്ഞുവീഴ്‌ച വന്നേക്കുമെന്ന് പറയുന്നു.
നോർത്തേൺ അയർലണ്ടിൻ്റെ ചിലഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് 10:00 വരെയും, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ, ഇംഗ്ലണ്ടിൻ്റെ വടക്ക് ഭാഗങ്ങളിൽ 11:00 വരെയും തുടരും.
വടക്കൻ സ്‌കോട്ട്‌ലൻഡിൽ ബുധനാഴ്ച രാത്രി 10:00 വരെയുമാണ് മുന്നറിയിപ്പ്.
മഞ്ഞുകാലത്ത് ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങളും പ്രത്യേക ജാഗ്രതാ നിർദ്ദേശവും അറിയിപ്പിൽ വിശദമായി പറയുന്നു.
ഡ്രൈവർമാർ മുൻകൂട്ടിത്തന്നെ യാത്രകൾ ആസൂത്രണം ചെയ്യണം, കാലാവസ്ഥാ റിപ്പോർട്ടുകൾ നിരീക്ഷിക്കണം, പുതപ്പുകൾ, ഭക്ഷണം, വെള്ളം, ഒരു മഞ്ഞുകോരി ഉപകരണം എന്നിവയുടെ ഒരു സ്നോ കിറ്റ് പായ്ക്ക്ചെയ്‌ത് കൂടെ കരുതേണ്ടതുണ്ട്.
ദീർഘദൂര യാത്രകൾക്കുമുമ്പ് വാഹനങ്ങളുടെ യെല്ലോ സ്നോ ലൈറ്റുകളും ബാറ്ററിയും നല്ലരീതിയിൽ വർക്ക് ചെയ്യന്നുണ്ടെന്ന് പരിശോധിക്കണം.
“വാഹനങ്ങൾ അകലം പാലിച്ച് വേഗത കുറയ്ക്കുക. കാരണം മൂടൽമഞ്ഞുമൂലം കാഴ്ചമറഞ്ഞ് വാഹനങ്ങളുടെ കൂട്ടയിടിയ്ക്ക് സാധ്യതയുണ്ട്. സാധാരണമെന്ന് തോന്നുന്ന സാഹചര്യങ്ങളിലും മഞ്ഞ് വീണടിഞ്ഞ സ്ഥലങ്ങളിലെ റോഡുകളിൽ ഐസ് പാച്ചുകൾ രൂപപ്പെട്ടാൽ അത് വഴുവഴുപ്പുള്ളതായിരിക്കും. മോട്ടോർ വേകളിൽ പുതിയ ഗ്രിറ്റ് പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ ഐസിൽ തെന്നി നിയന്ത്രണംവിട്ട് മറിയാനും സാധ്യത."
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ), വയോധികരും അസുഖബാധിതരും ആരോഗ്യം കുറഞ്ഞവരുമായ ആളുകൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതുപോലെ മോശം കാലാവസ്ഥ ആരോഗ്യ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളേയും കാര്യമായി ബാധിക്കും.
ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്‌ഷയർ, ഹംബർ എന്നിവിടങ്ങളിൽ ഇത് ആംബർ കോൾഡ് വെതർ ഹെൽത്ത് അലർട്ട് നൽകിയിട്ടുണ്ട്.
നോർത്തേൺ സ്കോട്ട്‌ലാൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, മിഡ്‌ലാൻഡ്‌സ്, വടക്കുകിഴക്കൻ വെയിൽസ് എന്നിവയുടെ ചില ഭാഗങ്ങളിൽ മഞ്ഞും ഐസും സംബന്ധിച്ച് നിലവിൽ മൂന്ന് യെല്ലോ മുന്നറിയിപ്പുകളും നിലവിലുണ്ട്.
വരും ദിവസങ്ങളിലെ താപനിലയും നവംബർ പകുതിയോടെയുള്ള പകൽ ശരാശരിയേക്കാൾ വളരെ കുറവായിരിക്കും. ചൂട് രാത്രിയിൽ മൈനസിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.