ഒരു യാചക കുടുംബം നടത്തിയ വിരുന്ന് സത്ക്കാരം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള ഒരു യാചക കുടുംബം ആണ് വളരെ സമ്പന്നമായ വിരുന്ന് ഒരുക്കിയത്.
1.25 കോടി (ഏകദേശം 38 ലക്ഷം) പാകിസ്ഥാന്‍ രൂപ ചെലവഴിച്ച് ഒരു വലിയ വിരുന്നൊരുക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഗുജ്റന്‍വാലയിലുള്ള ഒരു യാചക കുടുംബമാണ് ഇത്രയും ചെലവില്‍ ഏകദേശം 20,000 പേര്‍ക്ക് ഗംഭീരമായ വിരുന്നൊരുക്കിയത്.
മുത്തശ്ശി മരിച്ച് 40 -ാം ദിനം അവരുടെ സ്മരണയ്ക്കായാണ് കുടുംബം ഈ വിരുന്ന് ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടുംബം വിരുന്നുകാരെ ക്ഷണിക്കുകയും അവരെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടി 2,000 -ത്തിലധികം വാഹനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഗുജ്റന്‍വാലയിലെ റഹ്വാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നത്രെ വിരുന്ന്.
പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളില്‍ പറയുന്നത്. വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തില്‍ പരമ്പരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേര്‍ത്ത പലഹാരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.
ഡിന്നറിന് ആട്ടിറച്ചി, നാന്‍ മതര്‍ ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി മധുരപലഹാരങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. 250 ആടുകളെ ഇറച്ചിയാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതിവേ?ഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാലും, ഒരു യാചക കുടുംബത്തിന് എങ്ങനെയാണ് ഇങ്ങനെ ഒരു വിരുന്നൊരുക്കാന്‍ സാധിക്കുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഒരു കോടി രൂപയൊന്നും ആയിരിക്കില്ല എന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം അവരുടെ ഒത്തൊരുമയേയും ഈ വിരുന്ന് സംഘടിപ്പിക്കാനുള്ള മനസ്ഥിതിയേയും അഭിനന്ദിക്കുകയാണ് ചെയ്തത്.