കുവൈറ്റില്‍ അപകട മരണങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിലെ കണക്ക് പുറത്ത് വിട്ട് അധികൃതര്‍. റോഡ് ട്രാഫിക് ഇരകളെ അനുസ്മരിക്കുന്ന ദിനത്തില്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് അപകട മരണങ്ങളെ സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍ പറയുന്നു. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാഹമോടിക്കുമ്പോള്‍, നിശ്ചിത വേഗത പാലിക്കാനും സീറ്റ് ബെല്‍റ്റ് ധരിക്കാനും ഫോണ്‍ ഉപയോഗിക്കാതിരിക്കാനും എല്ലാവരോടും ഗതാഗത വകുപ്പ് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. റോഡപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിരവധി നിയമ ഭേദഗതികളാണ് അധികൃതര്‍ കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം നൂറുക്കണക്കിനു എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് വലിയ തോതിലുള്ള പിഴ ചുമത്താനും പരിഷ്‌കരിച്ച ഗതാഗത നിയമത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ സുരക്ഷാ ക്യാമ്പയിനും അധികൃതര്‍ നിരന്തരം നടത്തുന്നുണ്ട്.