പിണങ്ങിപ്പോയ ഭാര്യയെ മടക്കി കൊണ്ടുവരാന്‍ നേരിട്ട് സംസാരിക്കുകയും ഇടനിലക്കാരെ കൊണ്ട് സംസാരിപ്പിക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ആ പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു ഭര്‍ത്താവ് ചെയ്തതാണ് വാര്‍ത്തയാകുന്നത്.
പിണങ്ങിപ്പോയ ഭാര്യയുമായി ഒന്നിക്കാന്‍ ഒരു വ്യത്യസ്തമായ സൈക്കിള്‍ യാത്ര നടത്തിയിരിക്കുകയാണ് ഒരു ഭര്‍ത്താവ്. 40കാരനായ 'സോ' എന്ന വ്യക്തിയുടെ വ്യത്യസ്തമായ ദൗത്യമാണ് വാര്‍ത്തയാകുന്നത്. നൂറ് ദിവസത്തെ സൈക്കിള്‍ യാത്രയാണ് ഇദ്ദേഹം നടത്തിയത്. ചൈനയിലാണ് സംഭവം നടന്നത്.
ജൂലൈ 28ന് നാന്‍ജിംഗില്‍ നിന്നാണ് സോ യാത്രതിരിച്ചത്. രണ്ട് വര്‍ഷമായി തന്നില്‍ നിന്നും വേര്‍പിരിഞ്ഞുനില്‍ക്കുന്ന ഭാര്യ ലീയുമായി ഒന്നിക്കണമെന്ന സോയുടെ ആഗ്രഹം സൈക്കിള്‍ യാത്രയ്ക്ക് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. 2007ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വേര്‍പിരിയാന്‍ തക്ക പ്രശ്നങ്ങളൊന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നാണ് സോ പറയുന്നത്. ഒരു വാശിയ്ക്ക് ഇരുവരും എടുത്ത തീരുമാനമാണ് രണ്ട് വര്‍ഷം നീണ്ട വേര്‍പിരിയലിലേക്ക് എത്തിച്ചതെന്ന് സോ പറഞ്ഞു. സൈക്കിള്‍യാത്ര അത്ര സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. യാത്രയ്ക്കിടെ രണ്ട് തവണ തനിക്ക് സൂര്യാഘാതമേറ്റുവെന്ന് സോ പറഞ്ഞു. ഒരിക്കല്‍ അന്‍ഹുയി പ്രവിശ്യയില്‍ വെച്ചാണ് സൂര്യാഘാതമേറ്റത്. അന്ന് തന്നെ ചിലര്‍ ആശുപത്രിയില്‍ എത്തിച്ചുവെന്ന് സോ പറഞ്ഞു. ഹുബൈ പ്രവിശ്യയില്‍ വെച്ചാണ് രണ്ടാമത്തെ തവണ സൂര്യാഘാതമേറ്റത്.
അന്ന് നടുറോഡില്‍ താന്‍ തളര്‍ന്നുവീണുവെന്നും സോ പറഞ്ഞു. ഇതെല്ലാമറിഞ്ഞ ലീ സോയുടെ സഹായത്തിനെത്തി. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഇത്തരമൊരു സാഹസത്തിന് മുതിരേണ്ടതില്ലെന്ന് ലീ സോയോട് പറഞ്ഞു. ഒന്നിച്ചുജീവിക്കാന്‍ താന്‍ തയ്യാറാണെന്നും ഈ സൈക്കിള്‍യാത്ര അവസാനിപ്പിക്കണമെന്നും ലീ സോയോട് ആവശ്യപ്പെട്ടു. എന്നാല്‍ സോ അതിന് തയ്യാറായില്ല. തന്റെ ദൗത്യം പൂര്‍ത്തിയാക്കണമെന്ന വാശിയിലായിരുന്നു സോ.
ആയിടെയ്ക്കാണ് ലാസയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള നൈന്‍ചിയില്‍ വെച്ച് ലീയുടെ ആരോഗ്യസ്ഥിതി വഷളായത്. ഇതറിഞ്ഞതും സോ ലീയെ സഹായിക്കാനായി ഓടിയെത്തി. വീണ്ടും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ സുഹൃത്തുക്കള്‍ക്കായി ലാസയില്‍ ചെറിയൊരു പാര്‍ട്ടിയും സംഘടിപ്പിച്ചു.
സോയുടെ ഈ സൈക്കിള്‍യാത്ര സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പലരും സോയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ സ്വന്തം ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ സോ സൈക്കിള്‍യാത്ര നടത്തുന്നതിനെ പലരും വിമര്‍ശിച്ചു. എന്നാല്‍ സൈക്കിളിലെ സാഹസിക യാത്ര തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് സോ പറഞ്ഞു. നേപ്പാളിലേക്കും യൂറോപ്പിലേക്കും സൈക്കിളില്‍ യാത്ര ചെയ്യാനൊരുങ്ങുകയാണ് സോ ഇപ്പോള്‍.