ഇന്‍സ്റ്റഗ്രാമിലെ ഒരു മാറ്റം ചിലപ്പോള്‍ ഉപയോക്താക്കള്‍ ഒരുപാട് നാള്‍ കാത്തിരുന്നിട്ടുണ്ടാകും. എന്നും പുതുമകള്‍ വാരിക്കോരി തരുന്ന യുവ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുമായി എത്തി.
ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. പുതിയ ഫീച്ചറിലൂടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറക്കാനും ആദ്യം മുതലുള്ള മുന്‍ഗണനകള്‍ മാറ്റാനും ആപ്പിനെ പ്രാപ്തമാക്കും.
'ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും' ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറഞ്ഞു. കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന മെറ്റ അറിയിച്ചു.
ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.