യുകെയിലെ കൗൺസിൽ വീടുകളിൽ താമസിക്കുന്ന സാധാരണക്കാരായ വാടകക്കാർക്ക് വീണ്ടും തിരിച്ചടി. താമസിക്കുന്ന വീടുകൾ സ്വന്തമാക്കി വാങ്ങാൻ കഴിയുന്ന റൈറ്റ് ടു ബൈ സ്കീം കൂടുതൽ കർശനമാക്കാനാണ് സർക്കാർ തീരുമാനം.
സർക്കാർ നേരത്തേതന്നെ, റൈറ്റ് ടു ബൈ സ്കീമിൽ വാങ്ങുന്ന വീടുകൾക്ക് നൽകിയിരുന്ന ഡിസ്കൗണ്ടുകൾ വലിയതോതിൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. അതുപോലെ പുതിയ വീടുകൾ റൈറ്റ് ടു ബൈ സ്കീമിൽ ഉൾപ്പെടുത്താതിരിക്കുന്ന കാര്യവും പരിഗണിച്ചിരുന്നു.
എന്നാലിപ്പോൾ കൂടുതൽപ്പേർക്ക് വാടക വീടുകൾ സ്വന്തമാക്കാൻ കഴിയാത്തവിധം റൈഡ് ടു ബൈ സ്കീം നിയമങ്ങൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം.
റൈറ്റ് ടു ബൈ പോളിസിയിൽ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായി കൂടുതൽ സോഷ്യൽ ഹൗസിംഗ് വാടകക്കാരെ സ്വന്തം വീടുകൾ വാങ്ങുന്നതിൽ നിന്ന് തടയാനാകുമെന്നും അതുമൂലം പുതിയ ആവശ്യക്കാർക്ക് വാടക വീടുകൾ ലഭ്യമാക്കാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
ഇതിനായുള്ള പുതിയ കർശന നിയന്ത്രണ നിർദ്ദേശങ്ങൾ പ്രകാരം, വാടകക്കാർക്ക് അവരുടെ വീടുകൾ വാങ്ങാൻ പത്ത് വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നേക്കാം. അതുപോലെ പുതുതായി നിർമ്മിച്ച സോഷ്യൽ ഹോമുകളിൽ താമസിക്കുന്നവർക്ക് ആ വീടുകൾ ഒരിക്കലും വാങ്ങാനും കഴിയില്ല.
വീടുകൾ വാങ്ങുമ്പോൾ നൽകിയിരുന്ന വലിയ ഡിസ്‌കൗണ്ടുകൾ, 2012-ന് മുമ്പുള്ള നിലവാരത്തിലേക്ക് വെട്ടിക്കുറയ്ക്കാനും നിയമമാറ്റത്തിൽ നിർദ്ദേശിക്കുന്നു. മാത്രമല്ല ഇങ്ങനെ സ്‌കീമിൽ വാങ്ങിയ വീടുകൾ വിൽക്കുന്നതിൽ നിന്ന് സാമൂഹിക വാടകക്കാരെ നിരുത്സാഹപ്പെടുത്താനും സർക്കാർ ആഗ്രഹിക്കുന്നു.
പുതിയ നിയമമാറ്റ നിർദ്ദേശപ്രകാരം നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് വാടകക്കാർക്ക് റൈറ്റ് ടു ബൈ സ്‌കീം യോഗ്യതനേടാൻ, സോഷ്യൽ ഹോമിൽ വാടകയ്ക്ക് താമസിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം വർദ്ധിപ്പിക്കാനും ഭവന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
2014ലെ അഞ്ച് വർഷത്തിൽ നിന്ന് ഇത് പിന്നീട് കൺസർവേറ്റീവ് സർക്കാർ മൂന്ന് വർഷമായി കുറച്ചെങ്കിലും ഇത് അഞ്ച് വർഷമോ, 10 വർഷമോ, അതോ 10 വർഷത്തിൽ കൂടുതലോ ആക്കണോ എന്ന കാര്യത്തിൽ സർക്കാർ അഭിപ്രായം തേടുകയാണ്. അതായത് 10 വർഷം വരെ കൗൺസിൽ ഹോമിൽ വാടകയ്ക്ക് താമസിച്ചെങ്കിൽ മാത്രമേ ഈ സ്‌കീമിൽ അത് വാങ്ങാൻ അർഹരാകൂ.
പുതുതായി നിർമ്മിച്ച സോഷ്യൽ ഹൌസിംഗ് വാങ്ങുന്നതിൽ നിന്ന് വാടകക്കാരെ നിരോധിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
നിലവിൽ, വാടകക്കാർക്ക്, മൂന്ന് വർഷത്തിലധികം താമസിക്കുന്ന ഭവനങ്ങൾ ഈ സ്‌കീമിൽ വാങ്ങാൻ കഴിയും. എന്നാൽ പുതുതായി നിർമ്മിച്ച സോഷ്യൽ ഹൌസുകൾ 10 മുതൽ 30 വർഷം വരെ അല്ലെങ്കിൽ സ്ഥിരമായിത്തന്നെ വാങ്ങുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രീതിയിൽ സ്‌കീമിലെ സമയദൈർഘ്യം വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
റൈറ്റ് ടു ബൈ ഉപയോഗിക്കുന്ന വാടകക്കാർക്കുള്ള പരമാവധി കിഴിവുകൾ കൗൺസിലിനെ ആശ്രയിച്ച് £16,000-നും £38,000-നും ഇടയിൽ കുറയ്ക്കാനും നേരത്തേ നിർദ്ദേശിച്ചിരുന്നു. നിലവിൽ വീടുകളുടെ വിലയ്ക്കനുസരിച്ച് ഒന്നരലക്ഷം പൗണ്ടുവരെ ഡിസ്‌കൗണ്ട് നൽകാൻ നിയമം അനുവദിക്കുന്നു. പുതിയ മാറ്റത്തിൽ ഇത് 2012-ന് മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരുന്നു.
അതുപോലെ നിലവിലെ നിയമങ്ങൾ പ്രകാരം, വാടകക്കാർ വാങ്ങിയതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ വസ്തു വിറ്റാൽ ഈ ഡിസ്‌കൗണ്ട് കൗൺസിലിന് തിരിച്ച് നൽകണം. എന്നാൽ ഇത് 10 വർഷമായി നീട്ടാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതായത് സ്‌കീമിലൂടെ സ്വന്തമാക്കുന്ന വീടുകൾ പത്തുവർഷത്തിനുള്ളിൽ വിറ്റാൽ, അതിന് ലഭിച്ച ഡിസ്‌കൗണ്ട് തുക എത്രയാണോ അത് സർക്കാരിന് തിരികെ നൽകേണ്ടി വരും.
1980-ൽ റൈറ്റ് ടു ബൈ പോളിസി അവതരിപ്പിച്ചതുമുതൽ, ഓരോ വർഷവും സോഷ്യൽ ഹൗസിംഗ് സ്റ്റോക്കിൽ കാര്യമായ കുറവ് കണ്ടുവരുന്നു. മാറിമാറി വന്ന സർക്കാരുകൾ വാങ്ങിയതോ പൊളിച്ചുകളഞ്ഞതോ ആയ ഭവനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌തെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി.
ഷെൽട്ടറിൻ്റെ വിശകലനമനുസരിച്ച്, 1980-ൽ ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ സോഷ്യൽ ഹൗസിംഗിൽ താമസിക്കുന്നവരിൽ 14 ലക്ഷം ഇംഗ്ലീഷ് കുടുംബങ്ങളുടെ കുറവുണ്ട്.
അതിനാൽ പുതിയ നിയമ മാറ്റങ്ങൾ സാമൂഹിക ഭവനങ്ങളുടെ നഷ്ടം പരിഹരിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി ഏഞ്ചല റെയ്‌നർ പറഞ്ഞു. സാമൂഹിക വീടുകളുടെ വലിയൊരു കുറവ് നേരിടുകയാണ് ഇപ്പോൾ പ്രാദേശിക കൗൺസിലുകൾ. ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്‌തു.
എന്നാൽ പുതിയ നിയമങ്ങൾ സാധാരണക്കാരെ ഒരുവീട് സ്വന്തമാക്കുക എന്ന ആഗ്രഹം സാധ്യമാക്കുന്നതിൽ നിന്നും തടയുമെന്ന് കൺസർവേറ്റീവുകൾ ആരോപിക്കുന്നു. ലിബറൽ ഡെമോക്രാറ്റുകളും കൗൺസിൽ വീടുകളിലെ താമസക്കാരുടെ സംഘടനകളും ഇതിനെ പിന്തുണയ്ക്കുകയും നിയമമാറ്റങ്ങളെ എതിർക്കുകയും ചെയ്യുന്നു.
എങ്കിലും, പൊതുജന കൺസൾട്ടേഷൻ നടത്തി അടുത്തവർഷം പകുതിയോടെതന്നെ നിയമം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരും ഭവന വകുപ്പും.