അടുത്തിടെ നോര്‍വെയില്‍ പുരാവസ്തുഗവേഷകര്‍ വളരെ അത്ഭുതകരമാ ഒരു കണ്ടെത്തലിന് സാക്ഷ്യം വഹിച്ചു. 150 വര്‍ഷം പഴക്കമുള്ള ഒരു ഗ്ലാസ് ബോട്ടിലാണ് ഇവര്‍ കണ്ടെത്തിയത്. ഇതില്‍ ഇവരെ അത്ഭുതപ്പെടുത്തിയത് ഇതിനുള്ളിലുണ്ടായ സാധനങ്ങളാണ്.
അതിനുള്ളില്‍ നാണയങ്ങളും കടലാസിലെഴുതിയ ഒരു കത്തും ഉണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ കണ്ടെത്തലായതിനാല്‍ തന്നെ വലിയ ആകാംക്ഷയും ആവേശവുമാണ് ഇത് ഗവേഷകരിലുണ്ടാക്കിയത്.
വളരെ ശ്രദ്ധാപൂര്‍വ്വമാണ് അവര്‍ ആ കുപ്പി തുറന്നത്. ശേഷം അതിനകത്തുള്ള കാര്യങ്ങള്‍ അവര്‍ പരിശോധിച്ചു. കൈകൊണ്ട് എഴുതിയ ഒരു കത്ത്, നാണയങ്ങള്‍, ഒരു ബിസിനസ് കാര്‍ഡ് എന്നിവയായിരുന്നു അതിലുണ്ടായിരുന്നത്. വൈക്കിംഗ് യുഗത്തിലേക്കും അതില്‍ നിന്നും കണ്ടെത്തിയ കുഴിമാടങ്ങളിലേക്കും വെളിച്ചം വീശുന്നവയുമായിരുന്നു ഈ കണ്ടെത്തല്‍.
വൈക്കിംഗ് ചരിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Sagastad എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ കണ്ടെത്തലുകളുടെ വിവിധ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയില്‍, ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന കുപ്പി ഗവേഷകര്‍ ആവേശത്തോടെ കുഴിച്ചെടുക്കുന്നത് കാണാം. വൈക്കിംഗ് കാലത്തെ ശ്മശാന സ്ഥലത്താണ് ഇത് കണ്ടെത്തിയത്.
1874 -ല്‍ ഈ സ്ഥലത്ത് പഠനം നടത്തിയ പുരാവസ്തു ഗവേഷകന് എഴുതിവച്ചതാണ് ഇത് എന്നാണ് പറയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍, അക്കാലത്തെ പ്രശസ്ത പുരാവസ്തു ഗവേഷകനായിരുന്ന ആന്‍ഡേഴ്സ് ലോറേഞ്ച് വൈക്കിംഗ് ശവക്കുഴിയില്‍ മനപ്പൂര്‍വം വച്ചതാണ് ഈ കുപ്പിയും അതിലെ വസ്തുക്കളും എന്ന് കണ്ടെത്തിയത്രെ. ലോറേഞ്ചിന്റെ കത്തില്‍ എന്തൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയത് അതിന്റെ കാലമേത് എന്നതെല്ലാം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, അതേസമയത്ത് തന്നെ വീഡിയോ വൈറലായതോടെ പലരും ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. വൈക്കിംഗ് കാലഘട്ടത്തിലെ ശവക്കുഴി ആണെങ്കിലും കുപ്പിയില്‍ നിന്നും കണ്ടെത്തിയ നാണയങ്ങള്‍ക്കും മറ്റും അത്രയൊന്നും പഴക്കം തോന്നിക്കുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം.
എന്നാല്‍, കുപ്പിയില്‍ നിന്നും കണ്ടെത്തിയ കത്തില്‍ പറയുന്നത്, വൈക്കിംഗ് കാലഘട്ടത്തിലെ വിവിധ ആയുധങ്ങളും മറ്റുമാണ് ഇവിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് എന്നാണ്.