ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.
മുന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ആയിരുന്ന യോവ് ഗാലന്റിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടയാണ് യോവ് ഗാലന്റിനെ പ്രതിരോധ മന്ത്രി പദത്തില്‍ നിന്ന് നീക്കിയത്.
ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്റിക്കറിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനീക മേധാവിയായ ഇയാള്‍ ഒക്ടോബര്‍ ഏഴിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി മൂന്നുപേര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വംശഹത്യ ,യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോടതിയാണ് ഐസിസി. നെതര്‍ലാന്‍ഡ്സിലെ ഹേഗിലാണ് ഐസിസിയുടെ ആസ്ഥാനം. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കേള്‍ക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു അവയവമായ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഐസിസി വ്യത്യസ്തമാണ്.