എആര്‍ റഹ്മാന്റെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തണ അറിയിച്ചും ആശ്വസിപ്പിച്ചും എത്തിയത്. എന്നാല്‍ റഹ്മാന്റെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്ന തരത്തില്‍ സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചിരുന്നു.
ചില യൂട്യൂബ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഇത്തരത്തില്‍ കഥകള്‍ പടച്ചു വിടുന്നതിന് എതിരെ എത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്.
വിവാഹമോചനം അറിയിച്ച് മണിക്കൂറുകള്‍ക്കകം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന് വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്ച്ചകളുയരുകയായിരുന്നു. എന്നാല്‍ മോഹിനിയും, റഹ്മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ തള്ളിക്കളയുകയും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എആര്‍ റഹ്മാന്.
നര്‍മദാ സമ്പത്ത് അസോസിയേറ്റ്സ് ആന്‍ഡ് അഡ്വൊക്കേറ്റ്സ് ആണ് എആര്‍ റഹ്മാന് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹ മോചനവാര്‍ത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികള്‍ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയില്‍ പിന്തുണയറിയിച്ചും എത്തി. എന്നാല്‍ ചില സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളാണ് റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചെന്ന് നോട്ടീസില്‍ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകര്‍ച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നു.
''തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമിലും, അശ്ലീല ഉള്ളടക്കങ്ങള്‍ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാന്‍ റഹ്മാന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എന്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താന്‍ ഉദ്ദേശിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തികള്‍ അവരുടെ പ്രൊഡക്ഷനുകള്‍ക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമയ്ക്കുകയുമാണ്.
അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും'', ഇതാണ് വക്കീല്‍ നോട്ടീസിന്റെ ഉള്ളടക്കം.
എആര്‍ റഹ്മാനുമായി ബന്ധപ്പെട്ട് വന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരം ഗോസിപ്പുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് എആര്‍ റഹ്മാന്റെ മകന് അമീനും രംഗത്തുവന്നു. എആര്‍ റഹ്മാന് ഒരു ഇതിഹാസ കലാകാരന്മാത്രമല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകള്‍ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീന് പ്രതികരിച്ചത്. അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാര് അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്മാന്റെ മക്കളായ കദീജയും റഹീമയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.