അമേരിക്കയിലെ ഇടതുപക്ഷ ചായ്വുള്ള ലെഗസി മീഡിയ എംഎസ്എന്‍ബിസി സ്വന്തമാക്കാനൊരുങ്ങി മസ്‌ക്. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ഉപദേശം ശിരസ്സാവഹിച്ച് കൊണ്ടാണ് മസ്‌കിന്റെ തീരുമാനം. വാങ്ങുമെന്ന സൂചനകള്‍ നല്‍കി മസ്‌ക്.
എംഎസ്എന്‍ബിസിയുടെ മാതൃസംഘടനയായ കോംകാസ്റ്റ് കേബിള്‍ ചാനല്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നുവെന്ന എക്‌സ് പോസ്റ്റ് ഉദ്ധരിച്ച് ട്രംപ് ജൂനിയര്‍ മസ്‌കിനെ ടാഗ് ചെയ്യുകയായിരുന്നു.
'ഹേയ് എലോണ്‍ മസ്‌ക് എനിക്ക് എക്കാലത്തെയും രസകരമായ ആശയമുണ്ട്!'. എന്നായിരുന്നു ട്രംപ് ജൂനിയര്‍ എഴുതിയത്. 'ഇതിന്റെ വില എത്ര?' എന്ന് മസ്‌ക് റിപ്ലൈ നല്‍കി. എക്‌സ് (പഴയ ട്വിറ്റര്‍) വാങ്ങുന്നതിന് മുമ്പ് മസ്‌ക് സമാന മറുപടിയായിരുന്നു നടത്തിയത്. ചിരിച്ചുകൊണ്ട് കരയുന്ന ഇമോജിയുമായി വീണ്ടും മസ്‌ക് മറുപടി നല്‍കുന്നുണ്ട്. ജനപ്രിയ പോഡ്കാസ്റ്റ് ഹോസ്റ്റ് ജോ റോഗനും ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റേറ്റിങിലെ ഇടിവ് കാരണം, എംഎസ്എന്‍ബിസി, ഇ!, സിഎന്‍ബിസി, യുഎസ്എ, ഓക്‌സിജന്‍, എസ്വൈഎഫ്വൈ, ഗോള്‍ഫ് ചാനല്‍ എന്നിവ വില്‍ക്കാനാണ് കോംകാസ്റ്റിന്റെ പദ്ധതി. ഇവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. അതേസമയം, ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ എന്‍ബിസിയും ബ്രാവോയും നിലനിര്‍ത്തുകയും ചെയ്യും.