ഹിറ്റ് ആൻഡ് റൺ കേസുകൾ യുകെയിൽ കുറവല്ല. വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുന്നത് സമീപകാലത്ത് ഏറ്റവും അധികം പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതുമായ കുറ്റകൃത്യമാണ്. സാധാരണ ഇത്തരം കേസുകളിൽ കൂടുതലും പ്രതികളാകുന്നത് കൗമാരക്കാരും യുവാക്കളും ആണ്.
എന്നാൽ പ്രായത്തിന്റെ പക്വത വന്ന ഒരു മലയാളി വീട്ടമ്മ ഇത്തരമൊരു കുറ്റകൃത്യത്തിൽ അകപ്പെട്ടു എന്നറിയുമ്പോൾ, അവർ ശിക്ഷിക്കപ്പെടുന്നതിൽ ആർക്കും വിഷമം തോന്നുകയുമില്ല. പ്രത്യേകിച്ച് ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താതെ പോകുകയും ഇരകൾ മരിക്കുകയോ മാരകമായി പരുക്കേൽക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ.
ഇത്തരമൊരു കുറ്റകൃത്യത്തിനാണ് ഹാൻഡ്‌ഫോർത്തിലെ മലയാളി വനിത സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചത്. 42 കാരിയായ സീന ചാക്കോ ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലാതെയാണ് കാർ ഓടിച്ചത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടി.
സൈക്കിൾ യാത്രക്കാരിയെ ഇടിച്ചിട്ടു കാര്‍ നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി ഏറെദൂരം സീന മുന്നോട്ടു പോകുകയും ചെയ്‌തു. ഇതേത്തുടർന്ന് സീനയുടെ കാറിന്റെ പുറകെ എത്തിയ ഡ്രൈവര്‍ അവരെ വിടാതെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഇതാണ് മനഃപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റത്തിന്റെ ശിക്ഷ കൂടാനിടയാക്കിയത്.
എന്നാൽ അപകടം ഉണ്ടായ ആദ്യഷോക്കില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് പിന്നീട് സീന കോടതിയില്‍ സമ്മതിച്ചിരുന്നു. ഈ മാസം 21 വ്യാഴാഴ്ചയാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. അപകടത്തെ തുടര്‍ന്ന് അറസ്റ്റില്‍ ആയതുമുതല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സീന.
നാല് മക്കളുടെ അമ്മകൂടിയാണ് സീന ചാക്കോ. നേരത്തേ ഗൾഫിലായിരുന്നു സീനയും കുടുംബവും. അവിടെനിന്നാണ് യുകെയിലേക്ക് കെയറർ വിസയില്‍ ജോലിക്കെത്തിയത്. ചെഷയറിലെ ഹാൻഡ്‌ഫോർത്തിലുള്ള ടാബ്ലിറോഡിലാണ് താമസം.
ഈവർഷം സെപ്റ്റംബർ 14 ശനിയാഴ്ച വിൽംസ്‌ലോ റോഡിലൂടെ നീല സിട്രോൺ സി4 ഗ്രാൻഡ് പിക്കാസോ ഓടിച്ചുവരികയായിരുന്ന സീന ചാക്കോ, റോഡരികിലൂടെ സാവധാനത്തിൽ സൈക്കിൾ ചവിട്ടി പോകുകയായിരുന്ന വയോധികയെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോകുകയായിരുന്നു.
ആദ്യം പോലീസ് മനഃപൂർവമല്ലാത്ത സാധാരണ അപകടക്കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ തുടര്‍ന്ന് സൈക്കിൾ യാത്രികയായ 62കാരി, എമ്മ സ്മോള്‍വൂഡ് നാലുദിവസത്തെ ചികിത്സയ്ക്കിടെ മരണപ്പെട്ടതോടെ നരഹത്യാക്കുറ്റം കൂടി ചുമത്തുകയായിരുന്നു.
സിനിമയിൽ പോലും കാണാനാകാത്ത വിധം ഭയപ്പെടുത്തുന്ന നിലയിലാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തി. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാകുന്നു.
എമ്മ സ്മോളിവുഡിന്റെ മരണത്തെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് അടുത്തവര്‍ഷം ഏപ്രില്‍ 20ന് വാറിംഗ്ടണ്‍ കൊറോണര്‍ കോടതിയില്‍ നിശ്ചയിച്ചിട്ടുണ്ട്. സീനയുടെ ശിക്ഷ കുറഞ്ഞുവെന്ന നിരീക്ഷണത്തിലും അവർക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ലെന്ന കാരണത്താലും കൊല്ലപ്പെട്ട വധോധികയുടെ ബന്ധുക്കൾ അപ്പീൽ പോകുവാനും സാധ്യതയുണ്ടെന്ന് ചെഷയറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.