ലോകത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കം ചെന്ന അക്ഷരമാല പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. സിറിയയിലെ ഒരു ശവകുടീരത്തില്‍ നിന്ന് വിരലുകളോളം നീളമുള്ള കളിമണ്‍ ഫലകങ്ങളില്‍ കൊത്തിയെടുത്ത അക്ഷരമാലയാണ് കണ്ടെത്തിയത്.
കാര്‍ബണ്‍ -14 ഡേറ്റിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച്, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കളിമണ്‍ ഫലകങ്ങള്‍ നിര്‍മ്മിച്ചത് 2400 ബിസിഇയിലാണെന്ന് നിര്‍ണയിച്ചത്. ഈ അക്ഷരമാലകള്‍ ഇതുവരെ കണ്ടെത്തിയ എല്ലാ അക്ഷരമാലാ ലിപികളെക്കാളും 500 വര്‍ഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നന്നായി സംരക്ഷിക്കപ്പെട്ട വെങ്കലയുഗത്തിലെ 6 ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശ്മാശാനത്തിനുള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.
ശവകുടീരങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ക്ക് പുറമേ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പാത്രങ്ങള്‍, കുന്തമുന, മണ്‍പാത്രങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. മണ്‍പാത്രത്തിന് അടുത്തായി നാല് ചെറിയ കളിമണ്‍ ഫലകങ്ങളിലാണ് അക്ഷരമാല കൊത്തി വെച്ചിരുന്നത്.
2004 -ലാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടന്നതെന്ന് 2021 -ലെ ഒരു അക്കാദമിക് പ്രബന്ധത്തില്‍ പറയുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓവര്‍സീസ് റിസര്‍ച്ചിന്റെ വാര്‍ഷിക മീറ്റിംഗില്‍ ഗവേഷകരില്‍ ഒരാള്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചതോടെയാണ് ഈ നിര്‍ണായ കണ്ടെത്തല്‍ വീണ്ടും ചര്‍ച്ചയായത്.
അക്ഷരമാല നിലവില്‍ വരുന്നതിന് വളരെ മുമ്പുതന്നെ, പുരാതന മനുഷ്യര്‍ ആശയവിനിമയത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. മെസൊപ്പൊട്ടേമിയയിലെ സുമേറിയക്കാര്‍ ക്യൂണിഫോമുകളോ ചെറിയ ചിത്രങ്ങളോ ഉപയോഗിച്ചപ്പോള്‍, പുരാതന ഈജിപ്തുകാര്‍ ഹൈറോഗ്ലിഫിക്സ് വികസിപ്പിച്ചെടുത്തു.
ഇപ്പോള്‍ കണ്ടെത്തിയ കളിമണ്‍ ഫലകത്തിലെ എഴുത്ത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിവര്‍ത്തനം ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. ഏതായാലും ഭാഷാ ചരിത്രത്തെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഈ കണ്ടത്തല്‍.