ദുബൈയിലേക്ക് സന്ദര്‍ശകവിസ ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കി. ക്യൂആര്‍ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ഈ രേഖകളില്ലാത്ത വിസാ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്കായി വിസിറ്റ് വിസയില്‍ ദുബൈയിലേക്ക് വരുന്ന നിരവധി പേരെ ഈ മാറ്റം ബാധിക്കും. വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് മടക്കയാത്ര ടിക്കറ്റും താമസരേഖകളും നേരത്തേ നിര്‍ബന്ധമാണ്. പക്ഷേ, വിസക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ക്യൂആര്‍ കോഡുള്ള മടക്കയാത്രാ ടിക്കറ്റും ക്യൂ.ആര്‍. കോഡുള്ള ഹോട്ടല്‍ ബുക്കിങ് രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു.
വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ അയല്‍രാജ്യങ്ങളിലേക്ക് പോയി പുതിയ സന്ദര്‍ശക വിസയില്‍ വരുന്ന നടപടികളെയും ഇത് ബാധിച്ചിട്ടുണ്ട്. വിസിറ്റ് വിസ സേവനദാതാക്കള്‍ ലഭിച്ച നിര്‍ദേശത്തിനപ്പുറം നിയമം കര്‍ശനമാക്കിയെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, പുതിയ ചട്ടം പാലിക്കാത്ത അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കപ്പെടുന്നുണ്ട്.
യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയിലെത്തുന്നവരോടും ഇത്തരം രേഖകള്‍ ആവശ്യപ്പെടുന്നുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരില്‍ പലര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.