റഷ്യ - യുക്രൈൻ യുദ്ധം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും രൂക്ഷമായി. അതിനുകാരണം ബാലിസ്റ്റിക് മിസ്സൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ബൈഡൻ നൽകിയ പ്രത്യേക അനുവാദവും.
ജനുവരിയിൽ പുതിയ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ്, സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള പ്രസിഡന്റ് ബൈഡന്റെ മിന്നൽ അനുമതി. അതിനുകാരണം, യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനവും.
ലോകരാജ്യ നേതാക്കൾ പലരും ബൈഡന്റെ ഈ അനവസര എടുത്തുചാട്ടത്തെ വിമർശിച്ചു. യുദ്ധം അവസാനിപ്പിക്കാനിരിക്കെ, എരിതീയിൽ എണ്ണയൊഴിച്ചത് പോലെയായി ബൈഡന്റെ മിസൈൽ വിക്ഷേപിക്കാനുള്ള ഓർഡർ. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുള്ള സാമ്പത്തിക - ആയുധ സഹായം ട്രംപ് നിർത്തിയേക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ബൈഡൻ ഈ രീതിയിലെ ഒരനുവാദം നൽകിയത്.
യുക്രൈൻ, ഇതേത്തുടർന്ന് ബ്രിട്ടീഷ് നിർമ്മിത യു.എസ് ബാലിസ്റ്റിക് മിസ്സൈലുകളായ സ്റ്റോം ഷാഡോ റഷ്യയിലേക്ക് തൊടുത്തുവിടുകയും ചെയ്‌തു. യുക്രൈനോട് ചേർന്നുള്ള റഷ്യയുടെ ഉൾപ്രദേശങ്ങളിൽ പതിച്ച മിസൈലുകൾ എത്രമാത്രം ആഘാതം ഏൽപിച്ചു എന്നകാര്യം ഇപ്പോഴും റഷ്യ പുറത്തുവിട്ടിട്ടില്ല.
എന്നാൽ ഇതിനുപകരമായി റഷ്യ നടത്തിയ തിരിച്ചടിയിൽ കിഴക്കൻ നഗരമായ ഡിനിപ്രോയിലെ അടിസ്ഥാന സൗകര്യങ്ങൾ അപ്പാടെ തകർന്നെന്ന് ഉക്രെയ്ൻ പറയുന്നു. അത്യാധുനിക ഇൻ്റർമീഡിയറ്റ് റേഞ്ച് സൂപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് റഷ്യ വെളിപ്പെടുത്തി.
ഈ മിസൈൽ ആക്രമണത്തിൽ നാലുമണിക്കൂറോളം തുടർ സ്ഫോടനങ്ങൾ നടന്നുവെന്നതാണ് യു.എസിനെപ്പോലും അതിശയപ്പെടുത്തുന്നത്. ഒരുനഗരത്തിലെ പ്രധാന കെട്ടിടങ്ങളും സംവിധാനങ്ങളും അപ്പാടെ തകർന്നു.
ആക്രമണം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും സ്ഥിരീകരിച്ചു. ഇതുപോലുള്ള അതിമാരകവും അത്യാധുനികവുമായ ആയുധങ്ങൾ റഷ്യ ഇതേവരെ പുറത്തെടുത്തിട്ടില്ലെന്നും യുക്രൈൻ പാശ്ചാത്യരാജ്യങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും ഉപയോഗിച്ചാൽ ഇതുപോലുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണങ്ങൾ ഇനിയും ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
അതിനുശേഷം പുതിയ ആക്രമണങ്ങൾ ഇതുവരെ യുക്രൈന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ യുക്രെയിൻ റഷ്യ യുദ്ധത്തിലെ പുതിയ സാഹചര്യം വലിയ ആശങ്കയോടെയാണ് യുകെയും ഉറ്റുനോക്കുന്നത്. ആണവയുദ്ധ നയത്തിൽ സ്വയം മാറ്റംവരുത്തിയ റഷ്യ, ശത്രുരാജ്യം ആണവായുധം ഉപയോഗിച്ചില്ലെങ്കിൽ കൂടി അവരെ സഹായിക്കുന്ന രാജ്യങ്ങൾ ആണവശക്തിയാണെങ്കിൽ ആണവായുധം ആദ്യം ഉപയോഗിക്കാനും ആ രാജ്യങ്ങളെക്കൂടി അക്രമിക്കുമെന്നും പറയുന്നു.
ഇതാണ് ഇപ്പോൾ യുകെയ്ക്ക് ഭീഷണി ആയിട്ടുള്ളത്. റഷ്യ ആണവാക്രമണം നടത്തുകയാണെങ്കിൽ, വളരെ വേഗത്തിൽ ആക്രമിക്കാൻ കഴിയുന്ന രാജ്യം എന്ന നിലയിൽ ബ്രിട്ടനെ ആയിരിക്കും ആദ്യം ലക്ഷ്യമിടുക. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാൽ മാത്രമേ റഷ്യയ്ക്ക് യുഎസിനെ ലക്ഷ്യമിടാൻ കഴിയുകയുള്ളൂ.
കഴിഞ്ഞദിവസം യുകെയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് സമീപം അജ്ഞാത ഡ്രോണുകൾ എത്തിയതിനെ അതുകൊണ്ടുതന്നെ വളരെ ആശങ്കയോടെയാണ് ബ്രിട്ടനും പാശ്ചാത്യസഖ്യവും കാണുന്നത്.
ബ്രിട്ടനിലെ മൂന്ന് എയർബേസുകളിൽ നിരവധി അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു.
ബുധനാഴ്ചയ്ക്കും വെള്ളിയ്ക്കും ഇടയിൽ നടന്ന സംഭവങ്ങളിൽ, സഫോക്കിലെ RAF ലേക്കൻഹീത്ത്, RAF മിൽഡൻഹാൾ, അയൽരാജ്യമായ നോർഫോക്കിലെ RAF ഫെൽറ്റ്വെൽ എന്നിവിടങ്ങളിൽ "ചെറിയ ആളില്ലാ വ്യോമ സംവിധാനങ്ങൾ കണ്ടെത്തി.
ഡ്രോണുകൾ ശത്രുതയുള്ളതായി കണക്കാക്കുന്നുണ്ടോ എന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്ന് താവളങ്ങൾ ഉപയോഗിക്കുന്ന യുഎസ്എഎഫ് പറഞ്ഞു.
എന്തായാലും പുതിയ സാഹചര്യം ബ്രിട്ടന്റെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. അതുകൊണ്ടുതന്നെ യുഎസിൽ ട്രംപ് അധികാരം ഏൽക്കുന്നത് വരെ യുക്രെയിൻ പുതിയ ആക്രമണങ്ങൾ റഷ്യക്കെതിരെ നടത്തുന്നതിനെ ബ്രിട്ടീഷ് ഭരണകൂടം പിന്തുണയ്ക്കുന്നുമില്ല.