വ്യത്യസ്തമായ ഭക്ഷണത്തിന് പേര് കേട്ട ഇടമാണ് ചൈന. നമ്മള്‍ മലയാളികളുടെ ഫുഡ് മെനുവില്‍ ചിന്തിക്കാന്‍ പോലും ആകാത്ത ഭക്ഷണം ആണ് ഇവര്‍ കഴിക്കുന്നത്. ഇപ്പോഴിതാ ചൈനയില്‍ താരമായികൊണ്ടിരിക്കുന്ന ഒരു വിഭവത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.
ചൈനയിലെ പിസ ഹട്ടാണ് വ്യത്യസ്തമായ പിസ ഒരുക്കിയിരിക്കുന്നത്. ഡീപ്പ് ഫ്രൈ ചെയ്ത തവളയാണ് ഈ പിസയുടെ ഹൈലൈറ്റ്. ഭക്ഷണപ്രേമികളെ ആകര്‍ഷിക്കാനായാണ് ഇത്തരത്തില്‍ പിസ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പിസ ഹട്ടിന്റെ വാദം. പക്ഷെ പിസയ്ക്ക് മുകളില്‍ തവള മലര്‍ന്നുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായി. ചിത്രവും വൈറലായി. ചൈനയില്‍ വളരെ പ്രചാരത്തിലുള്ള ഭക്ഷണമാണ് തവള ഫ്രൈ എന്നും പിസാ ഹട്ട് പറയുന്നു.
രണ്ട് ഉണ്ടക്കണ്ണുകളും ഇതില്‍ വച്ചിട്ടുണ്ട്. തവളയുടെ ഉണ്ടക്കണ്ണുകള്‍ക്കായി പുഴുങ്ങിയ മുട്ട മുറിച്ച് അതില്‍ സോസ് കൊണ്ട് അലങ്കരിച്ച്, ഇതിന് മുകളിലായി കറുത്ത ഒലീവ് വട്ടത്തില്‍ മുറിച്ചതാണ് വച്ചിരിക്കുന്നത്. ' ഗോബ്ലിന്‍ പിസ' എന്നാണ് ഇതിന് പിസ ഹട്ട് നല്‍കിയിരിക്കുന്ന പേര്.
സംഭവം വൈറലായതോടെ നിരവധി ഭക്ഷണപ്രേമികള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ച് രംഗത്തെത്തി. ഇത് വളരെയധികം വിചിത്രമായിരിക്കുന്നു, എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടില്ല എന്ന തരത്തിലുള്ള നിരവധി കമന്റുകള്‍ ഗോബ്ലിന്‍ പിസയ്ക്ക് ലഭിച്ചു. അതേസമയം തവള വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ വലിയ പിന്തുണയാണ് പിസ ഹട്ടിന് ലഭിക്കുന്നത്. ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വീ ചാറ്റിലൂടെയാണ് പിസ ഹട്ട് പുതിയ വിഭവം അനൗണ്‍സ് ചെയ്തത്.