മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാനും ഇനി എഐ. ആളുകളിലെ മൂഡ് സ്വിങും ബൈപോളാര്‍ പ്രശ്‌നങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിവുള്ള എഐ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ഒരു വ്യക്തിയുടെ ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോര്‍ഡറിനെ കുറിച്ച് മുന്‍ കൂട്ടി പ്രവചിക്കുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ പോലെ ധരിക്കാവുന്ന ഉപകരണത്തിലാണ് ഈ ഡാറ്റ റെക്കോര്‍ഡ് ചെയ്യാനാകുന്നത്.
ദക്ഷിണ കൊറിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവര്‍ തന്നെയാണ് എഐ ഉപകരണം നിര്‍മിച്ചതും. ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്‍പ്പെടെയുള്ള മൂഡ് ഡിസോര്‍ഡേഴ്‌സ് ഉള്ള ആളുകള്‍ക്ക് ദീര്‍ഘകാലം ദുഃഖമോ വിഷാദമോ സന്തോഷമോ ഉന്മാദമോ അനുഭവപ്പെടും. ഇവയ്ക്ക് ഉറക്കവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
പുതിയ എഐ സംവിധാനത്തിലൂടെ ഉറങ്ങുന്നതിന്റെയും എഴുന്നേല്‍ക്കുന്നതിന്റെയും ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി ആളുകളുടെ മാനസികാവസ്ഥയുടെ സ്റ്റേജുകള്‍ പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിലൂടെ ഡാറ്റ ശേഖരണത്തിന്റെ ചിലവ് കുറയുകയും ക്ലിനിക്കുകളില്‍ രോഗനിര്‍ണയത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് ഇവര്‍ പറയുന്നു.