യുഎസ് സൈന്യത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പുറത്താക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രാന്‍സ് വ്യക്തികളെ സൈന്യത്തില്‍ നിന്നു നീക്കാനുള്ള തീരുമാനത്തിനായിരിക്കും ജനുവരിയില്‍ യുഎസ് പ്രസിഡന്റ് ആയി അധികാരത്തിലെത്തുന്ന ട്രംപ് പ്രഥമ പരിഗണന നല്‍കുക എന്നാണ് വിവരം. ഇതിന്റെ ഭാഗമായുള്ള സുപ്രധാന ഉത്തരവില്‍ ഒപ്പുവെക്കാന്‍ ട്രംപ് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രായം, സേവന കാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ പുതിയ ഉത്തരവ് നിലവില്‍ വന്നാല്‍ 15000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെടും എന്നാണ് കണക്ക് കൂട്ട പെടുന്നത്. രാജ്യത്തെ സേവിക്കുന്നതിന് ജെന്‍ഡര്‍ നോക്കേണ്ട കാര്യമുണ്ടോ എന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് വിവാദമാക്കേണ്ട തീരുമാനം അല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല എന്നുമാണ് ട്രംപ് അനുകൂലികള്‍ വ്യക്തമാക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ സൈനികരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനത്തോടെ സര്‍വീസില്‍ നിന്ന് മാറ്റുകയാണ് വേണ്ടത് എന്നാണ് ഇവരുടെ പക്ഷം. സൈന്യത്തിലേക്ക് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാന്‍ ശ്രമിക്കുന്നത് പുതിയ ആളുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും ആദ്യതവണ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴും ട്രംപ് വിലക്കിയിരുന്നു. ഇതുകൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് യു എസില്‍ ആരോഗ്യം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസ മേഖലകളിലും നിയന്ത്രണമേര്‍പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.