റെഡിങ്ങിലെ വീട്ടിൽ മലയാളി നഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തിയതോടെ, ഈമാസം മാത്രം അകാലത്തിലും ദുരൂഹ സാഹചര്യത്തിലും മരണപ്പെടുന്ന യുകെയിലെ മലയാളി മെയിൽ നഴ്‌സുമാരുടെ എണ്ണംപോലും മൂന്നായി ഉയർന്നു!
കോട്ടയം സ്വദേശി സാബു മാത്യുവാണ്, 55, ആണ് കഴിഞ്ഞദിവസം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ച് അപ്രതീക്ഷിതമായി വിടപറഞ്ഞത്. രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
നഴ്സായ ഭാര്യ ഷാന്റി ജോണ്‍ ജോലികഴിഞ്ഞു വീട്ടില്‍ എത്തിയപ്പോൾ സാബുവിനെ നിലത്ത് വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഉടൻതന്നെ പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.
ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതിരുന്ന സാബുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് ഇതുവരെയുള്ള പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ നടത്തിവരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂ.
2003 ൽ യുകെയിൽ എത്തിയതാണ് സാബു. എന്‍എച്ച്എസ് നഴ്സായി ജോലി കിട്ടിയതിനെത്തുടർന്നാണ് കുടിയേറിയത്. സാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മനമുരുകി കഴിയുകയാണ് ഇപ്പോൾ കുടുംബം.
പൊതുദർശനവും സംസ്കാരവും സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അറിയിക്കും. റെഡിങ്ങിലെ മലയാളി കൂട്ടായ്‌മയും പ്രവർത്തകരും ഷാന്റിയ്ക്കും മക്കൾക്കും ആശ്വാസമായി കൂടെയുണ്ട്.
നഴ്‌സുമാരായ ഭാര്യമാർ ജോലികഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ, ഭർത്താക്കന്മാരെ മരിച്ചനിലയിൽ കണ്ടെത്തിയ നിരവധി സംഭവങ്ങൾ സമീപവർഷങ്ങളിൽ യുകെയിലുണ്ടായിട്ടുണ്ട്. ഹൃദയാഘാതവും ആത്മഹത്യയുമാണ് ഈവിധത്തിൽ കൂടുതൽ പേരുടെ ജീവനുകൾ അപഹരിച്ചിട്ടുള്ളതെന്നും കാണാം.
ഈ നവംബർ മാസം തന്നെ ഇത് മൂന്നാമത്തെ മലയാളി മെയിൽ നഴ്‌സിന്റെ അകാലത്തിലുള്ള മരണവുമാണ്. ബ്രാഡ്‌ഫോർഡിലും മെയ്ഡസ്റ്റണിലും മലയാളി മെയിൽ നഴ്‌സുമാർ അകാലത്തിൽ മരണപ്പെട്ടിരുന്നു.
ബ്രാഡ്ഫോർഡിലെ റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന വൈശാഖ് രമേശിനെ, 35, ഈമാസം രണ്ടാംവാരമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം ഒരുവർഷം മുൻപ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്‌ച മുൻപ് മാത്രമാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യയും യുകെയിലെത്തിയത്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രാദേശിക മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്‌വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
യുകെയിലെത്തി കുറഞ്ഞ നാളുകൾകൊണ്ടുതന്നെ വളരെ ആക്റ്റീവ് ആയിരുന്ന വൈശാഖ്, അതുകൊണ്ടുതന്നെ സ്വയം ജീവനൊടുക്കിയത് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
അതുപോലെ അപ്രതീക്ഷിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അങ്കമാലി സ്വദേശി പോൾ ചാക്കുവിന്റെ, 50, പൊതുദർശനവും സംസ്കാരവും കഴിഞ്ഞദിവസമായിരുന്നു. ആരോഗ്യവാനായ പോളിന്റെ മരണമേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറാതെ കഴിയുകയാണ് ഭാര്യ സിനി ജോസഫും കുട്ടികളും.
ബ്ലാക്ക്ബേണിൽ ജോലിസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായിയും 41 വയസ്സിന്റെ ആയുസ്സിൽ അതിവേഗം വിടപറയുകയായിരുന്നു.
കേരളവുമായും ഇതര വിദേശരാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ സമീപവർഷങ്ങളിൽ യുകെ മലയാളികൾക്കിടയിലെ അകാല മരണങ്ങൾ വളരെ ഉയർന്നതാണെന്നും കാണാം. പതിവ് മരണകാരങ്ങളായ അർബുദത്തിനും അപകടത്തിനും പുറമെ അതിശൈത്യ കാലാവസ്ഥയും ജോലിയിലേയും വ്യക്തിജീവിതത്തിലേയും ടെൻഷനുകളും ഫാസ്റ്റ്ഫുഡും അരക്ഷിതാവസ്ഥയും എല്ലാംതന്നെ ഉയർന്ന അകാല മരണനിരക്കിന് കാരണങ്ങളായി ചുണ്ടിക്കാണിക്കപ്പെടുന്നു.
യുകെയിലെ മലയാളി സമൂഹവും സംഘടനകളും ഇക്കാര്യം ഗൗരവമായി പഠനവിഷയമാക്കുകയും പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും കൗൺസലിംഗും അടക്കമുള്ള പരിഹാര നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.