മോസ്‌കോ: റഷ്യയില്‍ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ടെലഗ്രാമിന് പിഴ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ടെലഗ്രാമിന് റഷ്യന്‍ കോടതി പിഴ വിധിച്ചത്.
ഏഴ് മില്യന്‍ റൂബിള്‍ (ഇന്ത്യന്‍ രൂപ ഏകദേശം 56.73 ലക്ഷം) ആണ് പിഴയായി ചുമത്തിയത്. റഷ്യന്‍ നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചു എന്നാണ് കുറ്റം. മയക്കുമരുന്ന് ഉപയോഗം, അപകരമായ വിനോദങ്ങള്‍, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്‌ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍, തീവ്രവാദികളോ ആയി പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിരോധിതമാണ്.
എന്നാല്‍ ഇതിനേക്കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കോടതി തയാറായിട്ടില്ല. സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞ മാസം നാല് മില്യന്‍ റൂബിളും പിഴ ചുമത്തിയിരുന്നു.
ആഗോള തലത്തില്‍ 900 മില്യന്‍ ഉപയോക്താക്കളുള്ള ടെലഗ്രാം നിലവില്‍ ലോകത്തിലെ ഏറ്റഴും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. റഷ്യയിലും വലിയ സൂസര്‍ ബേസാണ് ടെലഗ്രാമിനുള്ളത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സമീപകാലത്ത് ടെലഗ്രാമിന് സര്‍ക്കാര്‍ തലത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആഗസ്റ്റില്‍ ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് പാരീസില്‍ അറസ്റ്റിലായിരുന്നു. ടെലഗ്രാമില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പാവേല്‍ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാന്‍സ് വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.
ഇതോടെ വിവിധ രാജ്യങ്ങളില്‍ ടെലഗ്രാം നിരോധിക്കുമെന്ന വാര്‍ത്തകളും സജീവമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തുമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമായി. എന്നാല്‍, നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ടെലഗ്രാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിര്‍ദേശം.