കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയെ വീണ്ടും മര്‍ദിച്ചതില്‍ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലുംവെച്ച് ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി നേരത്തെയെടുത്തിരുന്ന കേസ്, പരാതിയില്ലെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് യുവതി വീണ്ടും രാഹുല്‍ പി.ഗോപാലിനൊപ്പം പോയത്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്.
മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ല. ഫോണ്‍ രാഹുല്‍ സ്വന്തം കയ്യിലാണ് വച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ രാഹുല്‍ പൊട്ടിച്ചു കളഞ്ഞു. സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസില്‍ നിന്ന് പിന്മാറിയതെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടി.
ഭക്ഷണത്തില്‍ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഇന്നലെ രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.