യുകെയില്‍ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള നീക്കത്തിന് പിന്തുണയുമായി എംപിമാര്‍; പുതിയ ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്‍ പാസ്സാക്കിയത് 47 നെതിരെ 415 വോട്ടുകള്‍ക്ക്
Story Dated: 2024-11-27
ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി യുകെയില്‍ എംപിമാര്‍. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.
ചൊവ്വാഴ്ച പുതിയ ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്‍ 47നെതിരെ 415 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. എന്നാല്‍ ചില ടോറി , ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാര്‍ലമെന്റില്‍ പാസായ ബില്‍ എംപിമാരില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ സ്വതന്ത്ര വോട്ട് ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുന്‍ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ എന്നിവര്‍ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോള്‍ ടോറി എംപിമാരില്‍ ഭൂരിപക്ഷം പേരും ബില്ലിനെ പിന്തുണച്ചു.
അടുത്ത അഞ്ച് വര്‍ഷ കാലം കൊണ്ട് പുകവലി മൂലമുള്ള കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കാലയളവില്‍ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാര്‍ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാന്‍ എംപിമാരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദ നീക്കമുണ്ടായിരുന്നു .
പുകവലി പൂര്‍ണമായും നിരോധിക്കുന്നത് കാന്‍സറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്‌ട്രോക്ക്, ഹൃദ്രോഗം, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയര്‍ത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാന്‍ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
More Latest News
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം, എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് ഹൈക്കോടതി
മുന്‍ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ? കൊലപാതകമാണ് എന്നാണോ പറയുന്നത് എങ്കില്‍ എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം ഡിസംബര്‍ 6 ന് കോടതി പരിഗണിക്കും.
അതേസമയം നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹര്‍ജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതില്‍ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതില്‍ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. അതേസമയം ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് മരണത്തില്‍ ദുരൂഹത അരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച തെളിവുകള്‍ എന്ന് ഹര്‍ജിക്കാരി അരോപിക്കുന്നത്.അതേസമയം സിബിഐ അന്വേഷണം അല്ലെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും മതിയെന്ന് ഹര്‍ജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയില്‍ പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോ ഷൂട്ട്, സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എഡിജിപി, സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രം വിവാദത്തില്‍
പോലീസുകാര്‍ ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്നും ഫോട്ടോഷൂട്ട് നടത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയതോടെ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് എഡിജിപി എസ് ശ്രീജിത്ത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്തത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഇ ബൈജുവിനോട് എഡിജിപി എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ബാച്ചിലെ പോലീസുകാരാണ് ശബരിമല ഡ്യൂട്ടിക്ക് ശേഷം പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തത്.
പുറം തിരിഞ്ഞു നിന്നുള്ള പോലീസുകാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വരികയും മുഖ്യമന്ത്രിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന് ഒത്താശ നല്‍കിയതില്‍ ഒന്നാംപ്രതിയെന്ന് ആരോപിക്കുകയും ചെയ്തു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പി, ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചത്.
ആചാരലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രന്‍ ആവശ്യപ്പെട്ടു. മേല്‍ശാന്തിയും തന്ത്രിയും അടക്കമുള്ള ആചാര്യന്മാര്‍ പോലും നടയടച്ച് ഇറങ്ങുമ്പോള്‍ പുറകോട്ടാണ് ഇറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പന്തീരങ്കാവ് വീണ്ടും ഗാര്‍ഹിക പീഡനം: യുവതിയെ മര്‍ദ്ദിച്ചെന്ന് പരാതി, രാഹുല്‍ റിമാന്‍ഡില്‍, മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ലെന്ന് യുവതിയുടെ അച്ഛന്‍
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയെ വീണ്ടും മര്‍ദിച്ചതില്‍ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലുംവെച്ച് ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി നേരത്തെയെടുത്തിരുന്ന കേസ്, പരാതിയില്ലെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് യുവതി വീണ്ടും രാഹുല്‍ പി.ഗോപാലിനൊപ്പം പോയത്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്.
മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിക്കില്ല. ഫോണ്‍ രാഹുല്‍ സ്വന്തം കയ്യിലാണ് വച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ രാഹുല്‍ പൊട്ടിച്ചു കളഞ്ഞു. സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസില്‍ നിന്ന് പിന്മാറിയതെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടി.
ഭക്ഷണത്തില്‍ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഇന്നലെ രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.
രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിച്ചു, ടെലഗ്രാമിന് റഷ്യന്‍ കോടതി ചുമത്തിയത് 56.73 ലക്ഷം രൂപ പിഴ!!!
മോസ്‌കോ: റഷ്യയില്‍ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ടെലഗ്രാമിന് പിഴ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ടെലഗ്രാമിന് റഷ്യന്‍ കോടതി പിഴ വിധിച്ചത്.
ഏഴ് മില്യന്‍ റൂബിള്‍ (ഇന്ത്യന്‍ രൂപ ഏകദേശം 56.73 ലക്ഷം) ആണ് പിഴയായി ചുമത്തിയത്. റഷ്യന്‍ നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചു എന്നാണ് കുറ്റം. മയക്കുമരുന്ന് ഉപയോഗം, അപകരമായ വിനോദങ്ങള്‍, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്‌ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍, തീവ്രവാദികളോ ആയി പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിരോധിതമാണ്.
എന്നാല്‍ ഇതിനേക്കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കോടതി തയാറായിട്ടില്ല. സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞ മാസം നാല് മില്യന്‍ റൂബിളും പിഴ ചുമത്തിയിരുന്നു.
ആഗോള തലത്തില്‍ 900 മില്യന്‍ ഉപയോക്താക്കളുള്ള ടെലഗ്രാം നിലവില്‍ ലോകത്തിലെ ഏറ്റഴും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. റഷ്യയിലും വലിയ സൂസര്‍ ബേസാണ് ടെലഗ്രാമിനുള്ളത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സമീപകാലത്ത് ടെലഗ്രാമിന് സര്‍ക്കാര്‍ തലത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആഗസ്റ്റില്‍ ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് പാരീസില്‍ അറസ്റ്റിലായിരുന്നു. ടെലഗ്രാമില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പാവേല്‍ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാന്‍സ് വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.
ഇതോടെ വിവിധ രാജ്യങ്ങളില്‍ ടെലഗ്രാം നിരോധിക്കുമെന്ന വാര്‍ത്തകളും സജീവമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തുമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമായി. എന്നാല്‍, നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ടെലഗ്രാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിര്‍ദേശം.
കാത്തിരിപ്പുകള്‍ക്ക് ഇന്ന് വിരാമം, സൗദിയിലെ റിയാദ് മെട്രോ ഇന്ന് സര്‍വ്വീസ് ആരംഭിക്കും, ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ
കാത്തിരിപ്പിനൊടുവില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി സൗദിയിലെ റിയാദ് മെട്രോ. നവംബര്‍ 27 ബുധനാഴ്ച മുതലായിരിക്കും മെട്രോ സര്‍വീസിന് തുടക്കമാവുക. ആദ്യ ഘട്ടമെന്ന നിലക്ക് മൂന്ന് ട്രാക്കുകളിലായിട്ടായിരിക്കും സേവനം. മറ്റ് മൂന്ന് ട്രാക്കുകള്‍ അടുത്ത മാസം പകുതിയോടെ ആരംഭിക്കാനാണ് പദ്ധതി. ടിക്കറ്റ് നിരക്കുകള്‍ കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരെ പുറത്തു വന്നിട്ടില്ല.
നിരക്ക് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അല്‍ അറൂബായില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ് ജംക്ഷന്‍, ശൈഖ് ഹസന്‍ ബിന്‍ ഹുസ്സൈന്‍ എന്നീ ട്രാക്കുകളിലാണ് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുക. കിംഗ് അബ്ദുള്ള റോഡ്, കിംഗ് അബ്ദുല്‍ അസീസ് സ്റ്റേഷനുകള്‍ എന്നിവ അടുത്ത മാസം മുതല്‍ തുറക്കും.
യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഓഫറിലായിരിക്കും ടിക്കറ്റുകള്‍ ലഭ്യമാക്കുക. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. മെട്രോ വെയര്‍ ഹൗസുകളും, സ്റ്റേഷനുകളും പ്രവര്‍ത്തിക്കുക സൗരോര്‍ജമുപയോഗിച്ചാണെന്നതും പ്രത്യേകതയാണ്.
2012ലാണ് സൗദിയില്‍ മെട്രോ പദ്ധതിക്ക് തുടക്കമായത്. 84.4 ബില്യണ്‍ റിയാലുപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മുഴുവന്‍ ട്രാക്കുകളിലും സര്‍വീസ് ആരംഭിക്കുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാകും.