കഴിഞ്ഞ വാരാന്ത്യത്തിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റ് വിതച്ച കനത്ത നാശനഷ്ടങ്ങളും ദുരിതവും മാറുംമുമ്പേ, മറ്റൊരു കൊടുങ്കാറ്റ് കൂടി യുകെ തീരം തൊടുന്നു. കോനാൽ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് സതേൺ ഇംഗ്ലണ്ടിൽ കനത്ത മഴ പെയ്യിക്കുമെന്നും നിലവിലെ പ്രളയബാധിത പ്രദേശങ്ങളിൽ കൂടുതൽ ദുരിതങ്ങൾക്ക് ഇടയാക്കുമെന്നും പ്രവചിക്കപ്പെടുന്നു.
കൊടുങ്കാറ്റിന്റെ പ്രധാനഭാഗം യുകെയിലേക്ക് കടക്കുകയില്ലെന്നതിനാൽ, കാറ്റിനേക്കാളേറെ കനത്ത മഴയും വെള്ളപ്പൊക്കവുമായിരിക്കും ബാധിക്കുക. ചൊവ്വാഴ്ച രാത്രി 22:00 GMT മുതൽ ബുധനാഴ്ച ഉച്ചവരെ യുകെയുടെ പല തെക്കൻ പ്രദേശങ്ങളിലും ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പും മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും പലഭാഗങ്ങളിലും ഒറ്റരാത്രികൊണ്ട് കനത്ത മഴയാൽ വെള്ളപ്പൊക്കം നിറഞ്ഞ അവസ്ഥ കാണും. സതേൺ യുകെ ഭാഗങ്ങളിൽ ട്രാക്ക് ചെയ്യുന്നതിനാൽ, കോനാൽ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. രാത്രി മുഴുവൻ കിഴക്കോട്ട് നീങ്ങുന്നതിന് മുമ്പ് കാറ്റുനീക്കത്തിന്റെ തുടക്കത്തിൽ മഴ വളരെ കനത്തതായിരിക്കും.
ബെർട്ട് കൊടുങ്കാറ്റ് കാര്യമായി ബാധിക്കാതിരുന്ന പ്രദേശങ്ങളിലാണ് കോനാലിന്റെ ആക്രമണം എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിൻ്റെ തെക്കൻ തീരത്തിനടുത്തും തെക്കുകിഴക്കൻ തീരത്തും 15-20 മില്ലീമീറ്ററും 30-40 മില്ലീമീറ്ററും മഴ പ്രതീക്ഷിക്കാം.
ലിങ്കൺഷെയർ, പീക്ക് ഡിസ്ട്രിക്റ്റ്, മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ കനത്ത മഴയുടെ ചുരുളഴിയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു, നോർഫോക്ക്, സഫോൾക്ക്, എസ്സെക്സ്, കെൻ്റ് എന്നീ തീരപ്രദേശങ്ങളിലും ‘നിയർ ഗെയ്ൽ ഫോഴ്സ്’ കാറ്റ് അനുഭവപ്പെടും. കാറ്റിനും ചാറ്റൽ മഴയ്‌ക്കൊപ്പം ആലിപ്പഴവും പെയ്യും.
എന്നാൽ നോർത്തിൽ, സ്കോട്ട്ലൻഡിലും ലേക്ക് ഡിസ്ട്രിക്റ്റിലും മഞ്ഞുപെയ്ത്ത് പ്രതീക്ഷിക്കുന്നു.
ഒറ്റരാത്രികൊണ്ട് കുറച്ച് മഴപെയ്യാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ഇനിയുള്ള മഴയോട് വളരെ സെൻസിറ്റീവ് ആയിരിക്കും. സാധാരണയായി 5-15 മില്ലിമീറ്റർ അധികം ഉണ്ടാകില്ലെങ്കിലും ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും.
കഴിഞ്ഞ വാരാന്ത്യത്തിൽ ബെർട്ട് കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴയും ശക്തമായ കാറ്റും കുറഞ്ഞത് അഞ്ച് മരണങ്ങൾക്ക് കാരണമായി. വീടുകൾ, റോഡുകൾ, റെയിൽ ശൃംഖലകൾ എന്നിവ വെള്ളത്തിൽ മുങ്ങുകയും കാര്യമായ ഗതാഗത തടസ്സങ്ങളും നേരിട്ടു.
വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായതിനെത്തുടർന്ന് പല കമ്മ്യൂണിറ്റികളിലും ഇപ്പോഴും വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. അപ്പോഴാണ് കോനാലിന്റെ വരവ്. ഇത് ദുരിതവും നാശനഷ്‌ടങ്ങളും ഇരട്ടിയാക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആഷ്‌ലിക്കും ബെർട്ടിനും ശേഷം സീസണിലെ മൂന്നാമത്തെ പേരുള്ള കൊടുങ്കാറ്റാണ് കോനാൽ. കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ കഴിവുള്ള പ്രഹരശേഷിയുള്ള കൊടുങ്കാറ്റുകൾക്ക് മാത്രമാണ് വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മാറിമാറി പേരുകൾ നൽകുക.