ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം തെക്കന്‍ ലബനന്‍ അതിര്‍ത്തിയിലെ 6 സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണര്‍ക്കൊപ്പം വാഹനങ്ങളില്‍ ഹിസ്ബുല്ല സംഘവും എത്തിയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ വെടിയുതിര്‍ത്തത്. 2 പേര്‍ക്കു പരുക്കേറ്റു.
ഇവിടങ്ങളില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേല്‍ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടന്‍ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നല്‍കി. മര്‍കബ, വസാനി, കഫര്‍ചൗബ, ഖിയം, ടയ്ബി, മര്‍ജയൂന്‍ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങള്‍ ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയില്‍ ബഫര്‍സോണായ 2 കിലോമീറ്റര്‍ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനികസാന്നിധ്യം പാടില്ലെന്നാണു കരാര്‍. പകരം യുഎന്‍ സമാധാന സേനയും ലബനന്‍ സേനയും കാവല്‍ നില്‍ക്കണം.
യുഎസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ ബുധനാഴ്ചയാണു പ്രാബല്യത്തിലായത്. വീടുകളിലേക്കു മടങ്ങുന്നവരെ ഇസ്രയേല്‍ ആക്രമിക്കുകയാണെന്നു ഹിസ്ബുല്ല നേതാവ് ഹസന്‍ ഫദ്ദല്ല പറഞ്ഞു.അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍ 21 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനെന്ന പേരില്‍ വടക്കന്‍ ഗാസയ്ക്കുപുറമേ തെക്കന്‍ ഗാസയിലെ ഉള്‍പ്രദേശങ്ങളിലേക്കും ഇസ്രയേല്‍ ടാങ്കുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 44,282 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,04,880 പേര്‍ക്കു പരുക്കേറ്റു.