വാഷിംഗ്ടണ്‍: യുഎസില്‍ നേപ്പാള്‍ സ്വദേശിനിയുടെ തിരോധാനത്തില്‍ വഴിത്തിരിവായത് ആ ഗൂഗിള്‍ സെര്‍ച്ചുകള്‍. ഒടുവില്‍ സംഭവത്തില്‍ വലിയ ട്വിസ്‌റ്റോടെ ഭര്‍ത്താവ് അറസ്റ്റില്‍.
മംമ്ത കാഫ്ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്തയെ ഭര്‍ത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി മൃതശരീരം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മംമ്തയെ കാണാതായതിന് ശേഷമുള്ള നരേഷിന്റെ ഗൂഗിള്‍ സേര്‍ച്ചുകളാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്താന്‍ കാരണമായത്.
കഴിഞ്ഞ ജൂലായ് 29നാണ് മംമ്തയെ അവസാനമായി കണ്ടത്. ജോലിക്കെത്താതിരുന്നതോടെ ഓഗസ്റ്റ് അഞ്ചിനാണ് മിസിംഗ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ നരേഷ് പൊലീസിനോട് പറഞ്ഞത്.
'ഭാര്യ മരിച്ചതിനുശേഷം എത്രനാള്‍ കഴിഞ്ഞ് വിവാഹം കഴിക്കാം', 'ഭാര്യ മരിച്ചാല്‍ കടങ്ങള്‍ എന്തുചെയ്യും', 'വിര്‍ജീനിയയില്‍ ഭാര്യയെ കാണാതായാല്‍ എന്താണ് സംഭവിക്കുക' എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ നരേഷ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തതായി പൊലീസ് പറയുന്നു. ഇയാള്‍ പ്രാദേശിക വാള്‍മാര്‍ട്ടില്‍ നിന്ന് മൂന്ന് കത്തി, ശൂചീകരണ വസ്തുക്കള്‍ എന്നിവ വാങ്ങിയതായും പൊലീസിന് തെളിവ് ലഭിച്ചു.
നരേഷിന്റെ താമസസ്ഥലത്തുനിന്ന് ഭാര്യയുടെ രക്തത്തിന്റെ ഡിഎന്‍എ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കാന്‍ വൈകിയതും പൊലീസിന് നരേഷിനെതിരായി സംശയം ജനിപ്പിച്ചു. മംമ്തയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്തംബറില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിപ്പോയി. മംമ്തയുടെ മൃതശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, മംമ്ത മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമാണ് നരേഷിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്.