ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണ്‍ ഉപയോഗം മനുഷ്യരില്‍ വരുത്തിയ മാറ്റങ്ങള്‍ കണക്കിലെടുത്ത് കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് ഒരു രാജ്യം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അടക്കം എത്തിച്ചേക്കാവുന്ന പ്രശ്‌നത്തിന് മുന്നറിയിപ്പ് നല്‍കാനാണ് സ്‌പെയിന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ പായ്ക്ക് ചെയ്യുന്ന ബോക്‌സുകളില്‍ സിഗററ്റു പെട്ടികളില്‍ നല്‍കുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌പെയിന്‍. അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന രീതിയിലുള്ള ഒരു മുന്നറിയിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ബോക്‌സുകളില്‍ പതിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്‌പെയിന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 250 പേജുള്ള ഒരു റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. അധിക സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങള്‍, ഇതെങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കും അടക്കമുള്ള വിവരങ്ങളാണ് മുന്നറിയിപ്പായി സ്മാര്‍ട്ട്‌ഫോണ്‍ ബോക്‌സുകളില്‍ പതിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളോടും സ്മാര്‍ട്ട്‌ഫോണ്‍ ബോക്‌സില്‍ ഈ മുന്നറിയിപ്പ് പതിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയേക്കും. മാത്രമല്ല, സ്മാര്‍ട്ട്‌ഫോണിലെ ചില പ്രത്യേക ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും സമാന രീതിയിലുള്ള മുന്നറിയിപ്പ് പുറപ്പെടുവിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.