ഗള്‍ഫ് കപ്പ് ഫുട്ബാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കുവൈത്ത്. ഈ മാസം 21 മുതല്‍ ജനുവരി 3 വരെയാണ് മത്സരങ്ങള്‍. ഒരു ഇടവേളക്കുശേഷം കുവൈത്തില്‍ തിരികെയെത്തുന്ന ചാംമ്പ്യന്ഷിപ്പിനെ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം.
ടൂര്‍ണമെന്റിന്റെ ഒരുക്കം യുവജനകാര്യ മന്ത്രിയുമായ അബ്ദുല്‍ റഹ്മാന് അല്‍ മുതൈരിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. നേരത്തെ 1974, 1990, 2003, 2017 വര്‍ഷങ്ങളില്‍ കുവൈത്ത് ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.
ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, തുടങ്ങിയ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന് കീഴില്‍ 1970 ലാണ് ഗള്‍ഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാര്. പങ്കെടുക്കുന്ന ടീമുകള്‍ വൈകാതെ കുവൈത്തിലെത്തും.
അര്‍ദിയ ജാബിര്‍ സ്റ്റേഡിയം, സുലൈബിഖാത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഖത്തറില്‍ പരിശീലനം പൂര്‍ത്തിയാക്കി കുവൈത്ത് ടീം മത്സരങ്ങള്‍ക്കായി എത്തും. അതിനിടെ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ടിക്കറ്റ് വില്‍പ്പന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാത്രമാണെന്ന് കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളെയും അക്കൗണ്ടുകളെയും കുറിച്ച് ആരാധകര്‍ക്ക് അസോസിയേഷന് മുന്നറിയിപ്പും നല്കി.