കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
മരണ സമയത്ത് നവീന്‍ ബാബു ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.
ഒക്ടോബര്‍ 15-ന് രാവിലെയാണ് നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്നത്. അന്നേരം കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. എഫ്‌ഐആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്‌ഐആറിലെ ഉള്ളടക്കം.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍, ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു.