ഗുരുവായൂര്‍: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് കാളിദാസ് തരിണിയെ വിവാഹം കഴിച്ചു.
ഇന്നു രാവിലെ 7.15നും എട്ടിനുമിടയിലെ ശുഭമുഹൂര്‍ത്തത്തില്‍ ആയിരുന്നു തരിണി കലിംഗരായരുടെ കഴുത്തില്‍ കാളിദാസ് താലി കെട്ടിയത്. കാളിദാസിന്റെ സുഹൃത്തും മോഡലുമാണ് തരിണി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആരംഭിച്ച വിവാഹ ആഘോഷങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് താലികെട്ടിയത്.
വിവാഹത്തിന് ക്ഷേത്രത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായര്‍ കുടുംബത്തിലെ അംഗമായ തരിണി അറിയപ്പെടുന്ന മോഡലാണ്.
2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതല്‍ സുന്ദരിയായിരുന്നു വധു. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു കാളിദാസിന്റെ വേഷം.