യുകെയിൽ റോക്കറ്റുപോലെ കുതിക്കുകയാണ് ഭവന വിലകൾ. രണ്ടുവർഷത്തെ മരവിപ്പിനുശേഷമാണ് ഈ കുതിച്ചുചാട്ടം. വൻകിട നഗരങ്ങൾക്കു പുറമേ, യുകെയിൽ എല്ലായിടത്തും ഒരേപോലെ വിലക്കയറ്റം ദൃശ്യമാണ് എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
നവംബറിൽ യുകെയിലെ വീടുകളുടെ വില ഈ വർഷത്തെ ഏറ്റവും വേഗതയേറിയ പ്രതിമാസ നിരക്കിൽ ഉയർന്നു. അടുത്തവർഷം കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായും ഏറ്റവും വലിയ ഭവന വായ്‌പാ സ്ഥാപനമായ ഹാലിഫാക്സ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.
യുകെയിലെ വീടിൻ്റെ ശരാശരി വില കഴിഞ്ഞമാസം £298,083 എന്ന ഏറ്റവും പുതിയ ഉയർന്ന റെക്കോർഡ് നിരക്കിലെത്തി. ഒക്ടോബറിലും £293,999 എന്ന ആസമയത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ് ഇപ്പോൾ വീടുവില കൈവരിച്ചിരിക്കുന്നത്.
ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രോപ്പർട്ടി മൂല്യം 1.3% ഉയർന്നതായി ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പിൻ്റെ ഭാഗമായ യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറുമായ ഹാലിഫാക്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈവർഷം തുടർച്ചയായ അഞ്ചാമത്തെ പ്രതിമാസ വർദ്ധനവാണിത്.
ഒക്ടോബറിലെ 4% വളർച്ചയിൽ നിന്ന് മുൻവർഷത്തെ അപേക്ഷിച്ച് നവംബറിൽ വീടുകളുടെ വില 4.8% വർദ്ധിച്ചതായി ഹാലിഫാക്‌സ് വെളിപ്പെടുത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വാർഷിക വളർച്ചയായിരുന്നു അത്. ഇവരുടെ എതിരാളി ഭവന വായ്പ്പാസ്ഥാപനം നാഷണൽ വൈഡിൻ്റെ വീക്ഷണവും വ്യത്യസ്തമല്ല.
ഇത് വാങ്ങുന്നവരിൽ നിന്നുള്ള ഡിമാൻഡിനെ പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല ഒരു വർഷംമുമ്പുള്ള വിപണിയുടെ മരവിപ്പും പുതിയ കുതിപ്പിന് വേഗംകൂട്ടി.
തൊഴിലവസരങ്ങൾ കൂടിയതും പലിശനിരക്കുകൾ കുറയുന്നതും ഈ വർഷം മുഴുവനും അടുത്ത വർഷവും വീടുകളുടെ വിലയിൽ കൂടുതൽ വർദ്ധനവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ മാർച്ചിൽ ആദ്യവീട് വാങ്ങുന്നവർക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവിൽ മാറ്റം വരാനുള്ള സാധ്യതയും ഇപ്പോഴത്തെ വാങ്ങൽ വർദ്ധനവിനു പിന്നിലെ ഘടകമാണ്.
മാർക്കറ്റിൻ്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ചും മാർച്ച് അവസാനത്തോടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി മാറുന്നതിന് മുമ്പ് വാങ്ങലുകൾ പൂർത്തിയാക്കാൻ മത്സരിക്കുന്ന ആദ്യമായി വാങ്ങുന്നവരും ഇപ്പോഴത്തെ കുതിപ്പിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യുകെയിൽ എല്ലായിടത്തും ഒരേപോലെ വർദ്ധനവ്!
നേരത്തേ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വർദ്ധനവെങ്കിൽ ഇപ്പോൾ യുകെയിലെ അംഗരാജ്യങ്ങളിൽ എല്ലായിടത്തും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒരേപോലെ വർദ്ധനവും വീടുകൾക്കുള്ള ഡിമാൻഡും ദൃശ്യമാണ്.
എന്നിരുന്നാലും യുകെയിലെ ഏറ്റവും ചെലവേറിയ വീടുവിലകളുള്ള സ്ഥലമായി ലണ്ടൻ തുടരുന്നു. ഹാലിഫാക്‌സിൻ്റെ കണക്കനുസരിച്ച് അവിടെയുള്ള ശരാശരി ഭവന വില £545,439 ആണ്.
അതേസമയം അംഗരാജ്യങ്ങളിൽ, വടക്കൻ അയർലൻഡ് യുകെയിലെ ഏറ്റവും ശക്തമായ ഭവന വില വളർച്ച രേഖപ്പെടുത്തുന്നത് തുടരുന്നു, ശരാശരി ഇവിടെ വില £203,131 ആണ്.
ഇംഗ്ലണ്ടിൽ, നോർത്ത് വെസ്റ്റ് മേഖലയിലും ശക്തമായ വില വർദ്ധനവ് തുടർന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5.9% വർധിച്ചു. അവിടെ ഒരു ശരാശരി പ്രോപ്പർട്ടി വില ഇപ്പോൾ £237,045 ആണ്.
വെസ്റ്റ് മിഡ്‌ലാൻഡിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീടുകളുടെ വില 5.5% ഉയർന്നു. ഇവിടെ ഒരു വീടിൻ്റെ ശരാശരി വില £257,982.
എന്നാൽ സ്‌കോട്ട്‌ലൻഡിൽ വീടുകളുടെ വിലയിൽ നേരിയ വർധനവാണ് ദൃശ്യമായതെന്നും ഹാലിഫാക്‌സ്. ഇപ്പോൾ അവിടെ ശരാശരി പ്രോപ്പർട്ടി വില 208,957 പൗണ്ടാണ്. എങ്കിലും ഇത് മുൻവർഷത്തേക്കാൾ 2.8% കൂടുതലുമാണ്.