കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തതായി കോണ്‍സുലേറ്റ് ഞായറാഴ്ച അറിയിച്ചു.
പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്നും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും കോണ്‍സുലേറ്റ് ഉറപ്പു നല്‍കി. കാനഡയിലെ എഡ്മിന്റണിലാണ് ഹര്‍ഷന്‍ദീപ് സിംഗ് (20 ) കൊല്ലപ്പെട്ടത്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹര്‍ഷന്‍ദീപിനെ മൂന്നംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ ഹര്‍ഷന്‍ദീപിനെ കോണിപ്പടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു.