എപ്പോഴെങ്കിലും ഈ തിരക്കില്‍ നിന്നും മാറി മൊബൈല്‍ ഫോണ്‍ പോലും ഇല്ലാതെ ഒരിടത്തേക്ക് മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ അങ്ങനെ മനസ്സില്‍ ചിന്തിച്ചപ്പോള്‍ ചൈനക്കാര്‍ അതങ്ങ് മാനത്ത് കണ്ടു. അതൊരു മത്സരവും ആക്കി.
സ്വസ്ഥമായി ഉത്കണ്ഠയില്ലാതെ ഇരിക്കുകയും എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാതെ സമയം ചിലവഴിക്കുകയും ചെയ്യുന്നവരെ കാത്തിരുന്നത് അടിപൊളി സമ്മാനമായിരുന്നു. ഒടുവില്‍ പുഷ്പം പോലെ വിജയിക്കുകായാരുന്നു ആ യുവതി.
ഒരു ചൈനീസ് വനിതയാണ് ഇതില്‍ ജയിച്ചത്. വിജയിക്ക് ലഭിച്ചത് സാധാരണ സമ്മാനമൊന്നുമല്ല പതിനായിരം യുവാനാണ്. അതായത് ഏകദേശം 1, 16000 രൂപ.
ഇക്കഴിഞ്ഞ നവംബര്‍ 29ന് ചോംസിംഗ് മുന്‍സിപ്പാലിറ്റിയിലാണ് മത്സരം നടന്നത്. നൂറ് അപേക്ഷകരില്‍ നിന്നും പത്തു പേരെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രത്യേകം രൂപ കല്‍പന ചെയത കിടക്കയിലാണ് ഇവര്‍ എട്ടു മണിക്കൂര്‍ ചെലവഴിക്കേണ്ടത്. പക്ഷേ മൊബൈല്‍ ഫോണോ, ഐപാഡോ, ലാപ്ടോപ്പോ ഉപയോഗിക്കാന്‍ കഴിയില്ല. അടങ്ങിയൊതുങ്ങിയിരിക്കണമെന്ന് മാത്രം.
ജിമു ന്യൂസ് എന്ന മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് ഇങ്ങനെയാണ്. നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. പരിപാടിക്ക് മുമ്പ് ഇവരുടെ ഫോണ്‍ സംഘാടകര്‍ക്ക് നല്‍കണം. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാന്‍ പഴയ മോഡല്‍ മൊബൈലൊരെണ്ണം മാത്രം ഇവര്‍ക്ക് നല്‍കി. ഇതില്‍ നിന്നും ബന്ധുക്കളെ മാത്രമേ വിളിക്കാനും സാധിക്കു. കൂടുതല്‍ സമയം ബെഡില്‍ തന്നെ കഴിയണം. അഞ്ചു മിനിറ്റ് സമയം ടൊയിലറ്റില്‍ പോകാനും നല്‍കും.
മത്സരാര്‍ത്ഥികളുടെ മാനസികമായുള്ള കരുത്ത് അളകാന്‍ സംഘാടകര്‍ അവരുടെ ഉറക്കം, ഉത്കണ്ഠയുടെ നില എന്നിവ പരിശോധിക്കാന്‍ റിസ്റ്റ് സ്ട്രാപ്പ് ധരിപ്പിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ കൂടുതല്‍ വായിച്ചും വെറുതെയിരുന്നുമാണ് സമയം ചെലവഴിച്ചത്. ഇവര്‍ക്കായി ഭക്ഷണവും മറ്റ് പാനീയങ്ങളും ഏര്‍പ്പാടാക്കിയിരുന്നു.
ഫിസിക്കല്‍ പ്രവര്‍ത്തനങ്ങളെക്കാള്‍ മാനസികമായുള്ള ശേഷി പരിശോധിച്ച മത്സരത്തില്‍ നൂറില്‍ 88.99 പോയിന്റ് നേടിയ ഡോംഗ് എന്ന് സര്‍നെയിമുള്ള സ്ത്രീയാണ് വിജയിച്ചത്. ദീര്‍ഘനേരം ഇവര്‍ ഉറങ്ങാതെ കുറേയധികം സമയം ബെഡില്‍ തന്നെ സമയം ചെലവഴിച്ച ഇവര്‍ക്കാണ് ഏറ്റവും ചെറിയ അളവില്‍ ഉത്കണ്ഠ നില രേഖപ്പെടുത്തിയതും.