ഒരാളുടെ മനസ്സ് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇന് അത്തരത്തില്‍ ഒരു പ്രശ്‌നം മുന്നില്‍ ഉണ്ടാകില്ല. അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയുടെ മനസ്സ് അതിവേഗം തന്നെ മനസ്സിലാക്കാം.
ഒരു വ്യക്തിയുടെ ചര്‍മ്മത്തില്‍ ഉളവാക്കപ്പെടുന്ന വൈദ്യുത തരംഗങ്ങളുടെ സ്വഭാവമനുസരിച്ച് അയാള്‍ എന്താണ് ചിന്തിക്കുന്നത് അയാളുടെ മാനസികാവസ്ഥ സന്തോഷമാണോ ദേഷ്യമാണോ എന്നിവയൊക്കെ വളരെ ഈസിയായി ഇനി കണക്കാക്കാനാവുന്നതാണ്.
ഇതിന്റെ ഏറ്റവും വലിയ ഗുണം ഒരു വൈകാരിക ഉത്തേജനത്തിന്റെ ഒന്നോ മൂന്നോ സെക്കന്‍ഡിനുള്ളില്‍ തന്നെ ഫലം കിട്ടുമെന്നതാണ്. ഇലക്ട്രോമിയോഗ്രാഫി അല്ലെങ്കില്‍ ഇലക്ട്രോഎന്‍സെഫലോഗ്രാമുകള്‍ പോലുള്ള മറ്റ് ഫിസിയോളജിക്കല്‍ സിഗ്നലുകളുമായി ഇവയെ സംയോജിപ്പിക്കുമ്പോള്‍, വിശകലനത്തിന്റെ കൃത്യത ഗണ്യമായി വര്‍ദ്ധിക്കുന്നു.വിഷ്വല്‍ ഉദ്ദീപനങ്ങള്‍ മൂലമുണ്ടാകുന്ന ഉത്തേജനത്തിന്റെ അളവ് തരംതിരിക്കാനും സന്തോഷം, വെറുപ്പ്, ഭയം തുടങ്ങിയ വികാരങ്ങളെ വേര്‍തിരിച്ചറിയാനും വൈകാരിക വീഡിയോ ക്ലിപ്പുകളോടുള്ള സങ്കീര്‍ണ്ണമായ പ്രതികരണങ്ങള്‍ വിശകലനം ചെയ്യാനും ഇത് പ്രാപ്തമാണോ എന്ന് നടത്തിയ പരീക്ഷണവും വിജയം കണ്ടിരിക്കുകയാണ്.
ടോക്കിയോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. ഇതിന് കൂടുതല്‍ ഉപയോഗം വരിക ഫോറന്‍സിക് രംഗത്താവും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. കൃത്യത പ്രകാരം നിലവിലുള്ള സമ്പ്രദായങ്ങളെ നിഷ്പ്രഭമാക്കുന്ന ഒന്നായിരിക്കും ഈ പുത്തന്‍ ടെക്നോളജിയെന്നും അവര്‍ അവകാശപ്പെടുന്നു.