വാഷിങ്ടണ്‍: ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് നാലു വയസ്സുകാരനായ മകന്‍ നല്‍കിയ ഉപദേശം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. അമേരിക്കയിലെ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി'(DOGE) മേധാവിയായി സ്ഥാനമേല്‍ക്കുന്ന മസ്‌കിനോട് 'എക്സ് ആഷ് എ ട്വവല്‍വ്' എന്നാണ് മകന്‍ എക്സ് പറഞ്ഞത്.
യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് വിവേക് രാമസ്വാമിയെയും ഇലോണ്‍ മസ്‌കിനെയുമാണ് 'DOGE' മേധാവിമാരായി നിയമിച്ചത്. അടുത്തിടെ വിവേക് രാമസ്വാമിക്കൊപ്പം ഇലോണ്‍ മസ്‌ക് കാപ്പിറ്റോള്‍ ഹില്‍ സന്ദര്‍ശിച്ചപ്പോള്‍ മകന്‍ എക്സിനെയും ഒപ്പം കൊണ്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് മകന്റെ പത്തുസെക്കന്റ് നീളുന്ന വിഡിയോ ഇലോണ്‍ മസ്‌ക് എക്സിലൂടെ പങ്കുവെച്ചത്.
കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന 'എക്സി'നോട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് മസ്‌ക് ചോദിക്കുന്നതും ഇതിന് നാലുവയസ്സുകാരന്‍ നല്‍കുന്ന മറുപടിയുമാണ് ദൃശ്യങ്ങളിലുള്ളത്. താന്‍ എന്ത് ചെയ്യണമെന്ന് മസ്‌ക് ചോദിക്കുമ്പോള്‍ 'അമേരിക്കയെ രക്ഷിക്കൂ' എന്നായിരുന്നു മകന്റെ മറുപടി. പിന്നാലെ 'ട്രംപിനെ സഹായിക്കൂ' എന്നും നാലുവയസ്സുകാരന്‍ പറയുന്നുണ്ട്. മകന്റെ മറുപടിക്ക് പിന്നാലെ 'ഓക്കെ' എന്ന് ഇലോണ്‍ മസ്‌ക് പറയുന്നതും വിഡിയോയില്‍ കാണാം.