താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെടുന്ന മലയാളി യുവാക്കളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നിരവധിപ്പേരാണ് ഈവിധത്തിൽ ആരുമറിയാതെ മരണപ്പെട്ടതായി കണ്ടെത്തിയത്. ഭാര്യമാർ ഡ്യൂട്ടിക്കു പോകുമ്പോഴോ നാട്ടിൽ പോകുമ്പോഴോ അല്ലെങ്കിൽ ഒറ്റയ്ക്കുതാമസിക്കുന്നവരോ ആണ് ഈവിധത്തിൽ കുടുതലും വിടവാങ്ങിയത്.
ആ കണ്ണിയിൽ ഏറ്റവുമൊടുവിൽ വൂള്‍വര്‍ഹാംപ്ടണിലെ മലയാളി യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെക്കാലമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന ജെയ്സണ് അടുത്ത സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. അയൽപക്കക്കാരായ യുകെ മലയാളികള്‍ പോലും ഏറെ വൈകിയാണ് വിവരമറിഞ്ഞത്.
ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. മരണകാരണം ഉള്‍പ്പെടെ സ്ഥീകരിച്ചിട്ടില്ല. ക്‌നാനായ സമുദായ അംഗമായ ജെയ്‌സൺ ഏറെക്കാലമായി പള്ളി ചടങ്ങുകളിലും പങ്കെടുക്കാറില്ലായിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജെയ്സണ് യുകെയില്‍ ബന്ധുക്കളുണ്ടോ എന്നകാര്യത്തില്‍ നീണ്ടൂര്‍ സ്വദേശികളായ യുകെ മലയാളികൾ അന്വേഷണം നടത്തിവരുന്നു. സോഷ്യല്‍മീഡിയയില്‍ പലരും ജെയ്‌സന്റെ മരണവാർത്ത പങ്കുവച്ചിരുന്നു. ജെയ്‌സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ത്താംപ്ടണിലെ മലയാളികളും മരണവിവരം അപ്പോഴാണ് അറിയുന്നത്.
രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ജെയ്‌സൺ അവിവാഹിതനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജെയ്‌സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്ന് പറയുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും.
കോട്ടയം നീണ്ടൂർ കോണത്തേട്ട് പരേതരായ ജോസഫ്, ലീലാമ്മ ദമ്പതികളുടെ മകനാണ്. യുകെയിൽത്തന്നെ രണ്ട് സഹോദരിമാരുണ്ട്. കവന്‍ററിയിലും ബർമിങ്ങാമിലുമാണ് ഇവർ താമസിക്കുന്നത്. നാട്ടിൽ സെന്‍റ് മിഖായേൽസ് ക്നാനായ പള്ളിയിലെ അംഗമാണ്.
ഹൃദ്രോഗവും സ്‌ട്രോക്കും അമിത മദ്യപാനവും ആത്മഹത്യയുമാണ് ഈ വിധത്തിൽ കുടുതൽപ്പേരും മരണപ്പെട്ടതിനു പിന്നിലെ കാരണങ്ങളായി കണ്ടെത്തിയത്. വിവിധ ജീവിത സാഹചര്യങ്ങളാൽ തനിച്ചുകഴിയുന്നവരെ ബന്ധുക്കളും സുഹൃത്തുക്കളും അസ്സോസിയേഷൻ പ്രവർത്തകരുമൊക്കെ ഇടക്കെങ്കിലും അന്വേഷിച്ചുചെല്ലേണ്ട ആവശ്യകതയും തുടർച്ചയായ മരണങ്ങൾ എടുത്തുകാട്ടുന്നു.