കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതല്‍ പതിനാറു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച റുബികിസ് ക്യൂബ് മത്സരം പരിപാടിയെ ആവേശത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ആവേശകരമായ മത്സരം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറി.
കാണികളില്‍ ആകാംക്ഷ നിറച്ച, മില്ലിസെക്കന്റുകളുടെ വ്യത്യാസത്തില്‍ മാത്രം വിജയിയെ തിരഞ്ഞെടുത്ത ഫൈനല്‍ മത്സരത്തില്‍ സ്പാല്‍ഡിങ് ഗ്രാമര്‍ സ്‌കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിയായ ഹംദാന്‍ റസൂല്‍ റെഫിന് 21.055 സെക്കന്‍ഡില്‍ ക്യൂബ് സോള്‍വ് ചെയ്തു ഒന്നാം സ്ഥാനവും. 22.00 സെക്കന്‍ഡില്‍ ക്യൂബ് സോള്‍വ് ചെയ്ത ചെറിഹിന്റണ്‍ ചര്ച്ച ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്‌കൂളിലെ ഇയര്‍ 6 വിദ്യാര്‍ത്ഥിയായ നേഥന്‍ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുറഞ്ഞ സമയത്തില്‍ റുബിക് ക്യൂബ് സോള്‍വ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യന്‍ 2024 കരസ്ഥമാക്കിയ ഹംദാന് സോണി ജോര്‍ജ് സമ്മാനദാനം നിര്‍വഹിച്ചു.ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ പ്രായ ഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ചെസ്സ്, കാരംസ്, ചിത്ര രചന, കുട്ടികള്‍ക്കായി സംഘടിപ്പിച്ച സയന്‍സ് ക്വിസ്, ഇതിനു പുറമെ കൈരളി സയന്‍സ് ആന്‍ഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന കോഡിങ് ക്ലബ്ബിന്റെ പദ്ധതികള്‍ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവര്‍ത്തിച്ചു.
കോഡിങ് ക്ലബ് പ്രവര്‍ത്തകരായ യൂസഫ് സൈത് , രഞ്ജിനി ചെല്ലപ്പന്‍ എന്നിവര്‍ കുട്ടികളെ പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഗെയിം ഡെവലൊപ്മെന്റ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും, കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്റെ വരാനിരിക്കുന്ന കോഡിങ് ക്ലബ് പരിപാടികളെക്കുറിച്ചും അവബോധരാക്കി. കുട്ടികള്‍ക്ക് സ്റ്റാളില്‍ വരുവാനും സ്വന്തമായി കോഡുകള്‍ എഴുതുവാനും അവ പ്രവര്‍ത്തിപ്പിച്ചു നോക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപേലെ സ്റ്റാളിലേക്കു ആകര്‍ഷിച്ചു. കുട്ടികളോടൊപ്പം കോഡുകള്‍ എഴുതി വളരെ കൗതുകത്തോടെ റോബോട്ടുകളെ ചലിപ്പിച്ച മാതാപിതാക്കള്‍ കുട്ടികളോടൊപ്പം തന്നെ ആവേശത്തോടെ കോഡ് ക്ലബ്ബിന്റെ ഭാഗമായി.
കുട്ടികള്‍ക്ക് വേണ്ടി നടത്തിയ സയന്‍സ് ക്വിസ് വിജയികളായ അഥര്‍വ്, ഈഥന്‍ എന്നിവര്‍ക്ക് കൈരളി സയന്‍സ് ആന്‍ഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പന്‍ ഉപഹാരങ്ങള്‍ നല്‍കി.കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഭ കേശവന്‍ മെമ്മോറിയല്‍ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള രസകരമായ തംബോലയും, കരോക്കെ മ്യൂസിക് സ്റ്റേഷനും ചായസല്‍ക്കാരവും പരിപാടിയെ കൂടുതല്‍ ഹൃദ്യമാക്കി.
ഇതോടൊപ്പം തന്നെ നടത്തിയ നറക്കെടുപ്പില്‍ ഭാഗ്യശാലികളായവര്‍ക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്‌കോ ജോണ്‍, ജെറി വല്യാറ എന്നിവര്‍ സമ്മങ്ങള്‍ കൈമാറി. യൂണിറ്റ് ട്രെഷറര്‍ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഔപചാരികതകള്‍ ഒന്നും കൂടാതെ നടത്തിയ ആരവം 2024 പങ്കെടുത്ത എല്ലാവര്ക്കും വേറിട്ടൊരു അനുഭവമായി മാറി.