കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മുന്‍ഭാര്യ വരദയുമായി പിരിഞ്ഞതിനെ പറ്റിയും ജിഷിന്‍ മനസ് തുറന്നു.
വേര്‍പിരിയല്‍ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ജിഷിന്‍ മോഹന്‍ പറയുന്നു. ഞാന്‍ ഒരു അഭിമുഖത്തിലും എന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അത് വ്യക്തിപരമായി കാര്യമാണെന്ന് കരുതുന്നു. എന്നാല്‍ മുന്‍ ഭാര്യ തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് താനറിഞ്ഞിട്ടുണ്ടെന്നും മരിച്ച് പോയ തന്റെ ചേട്ടനെക്കുറിച്ച് പോലും മോശമായി പറഞ്ഞെന്നും ജിഷിന്‍ ആരോപിക്കുന്നു.
അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെയും സ്വഭാവമാണ്. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലായിരുന്നു. ഡിവോഴ്‌സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഡിവോഴ്‌സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്‌സ് എന്ന് തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. പെണ്‍കുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാന്‍ സെക്കന്റുകള്‍ മതി. ആണുങ്ങള്‍ക്ക് അങ്ങനെയല്ല.
ഡിവോഴ്‌സിന് ശേഷം മകനെ ഞാന്‍ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാന്‍ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും. മകനെ താന്‍ കാണാതിരുന്നതിന് കാരണമുണ്ടെന്ന് ജിഷിന്‍ വ്യക്തമാക്കി. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓര്‍മ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോള്‍ ഞാനവന് ഡ്രസുകള്‍ വാങ്ങിക്കും. അത് കൊടുക്കാന്‍ പോലും പറ്റിയില്ല. അവന്‍ മറക്കാന്‍ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോള്‍ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നെന്നും ജിഷിന്‍ പറഞ്ഞു. അതേസമയം മകനെ കാണുന്നതില്‍ മുന്‍ ഭാര്യയുടെ എതിര്‍പ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിന്‍ വ്യക്തമാക്കി. അച്ഛനും അമ്മയും കുട്ടിയുമാണ് കുടുംബം. എല്ലാവര്‍ക്കും അത് നേടാന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം. ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീര്‍ന്നു എന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജിഷിന്‍ വ്യക്തമാക്കി.