ന്യൂയോര്‍ക്ക്: ഇനി വരുന്നത് ഇലോണ്‍ മസ്‌കിന്റെ കാലമാണ്. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 400 ബില്യണ്‍ (40,000 കോടി) യു.എസ് ഡോളര്‍ ആസ്തിയില്‍ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. യു എസ് തെരഞ്ഞെടുപ്പിന് മുമ്പ് ടെസ്ലയുടെ ഓഹരികള്‍ 65 ശതമാനത്തോളം ഉയര്‍ന്നിരുന്നത് ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം സ്പേസ് എക്സിന്റെ ഇന്‍സൈഡര്‍ ഓഹരി വില്‍പ്പനയിലൂടെ ഒറ്റയടിക്ക് 50 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 439.2 ബില്യണ്‍ ഡോളറായി (ഇന്ത്യന്‍ രൂപ 37 ലക്ഷം കോടിയിലധികം) ഉയര്‍ന്നത്.
ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പാണ് സ്‌പേസ് എക്‌സ്. ഗ്രഹാന്തര യാത്ര, അന്യഗ്രഹങ്ങളില്‍ മനുഷ്യ കോളനികള്‍ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളില്‍ മസ്‌കിനുള്ള കാഴ്ചപ്പാടിന് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസ്തി 200 ബില്യണ്‍ ഡോളറിന് താഴെ പോയതിനു ശേഷമാണ് മസ്‌ക് വമ്പന്‍ തിരിച്ചു വരവ് നടത്തിയത്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ്.എ.ഐ, മേയില്‍ 50 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചതിനുശേഷം വിപണി മൂല്യം ഇരട്ടിയിലധികമായി വര്‍ധിച്ചെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് പിന്തുണനല്‍കിയതും മസ്‌കിന്റെ കമ്പനിക്ക് അനുകൂല നേട്ടമുണ്ടാക്കി. സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ വ്യാപനം ട്രംപ് കാര്യക്ഷമമാക്കുമെന്നും വിപണിയില്‍ ടെസ്ലയുടെ എതിരാളികളെ സഹായിക്കുന്ന ഇലക്ട്രിക് വാഹന നികുതി ഇളവുകള്‍ ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ കമ്പനിയുടെ ഓഹരികളും ഉയര്‍ന്നിരുന്നു. സ്‌പേസ് എക്‌സ് ദൗത്യങ്ങളിലെ തുടര്‍ച്ചയായ വിജയവും മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതികളും മസ്‌കിന്റെ ആസ്തി ഉയരുന്നതില്‍ പങ്കു വഹിച്ചെന്നാണ് വിലയിരുത്തല്‍.