മോസ്‌കോ : വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയില്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി റഷ്യ. യു എസ്, കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുമായി റഷ്യ. ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരന്മാര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. യുഎസുമായുള്ള ബന്ധം വഷളായതിനാല്‍ റഷ്യന്‍ പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.
പുതുവര്‍ഷ അവധധി, ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കണമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയത്. യുഎസ്, ബ്രിട്ടിഷ് നിര്‍മിത മിസൈലുകള്‍ യുക്രെയ്‌നിനു നല്‍കി യുദ്ധത്തില്‍ ഇടപെട്ടതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ബന്ധം മോശമായതെന്നു വിദേശകാര്യ വക്താവ് പറഞ്ഞു.
സമാനമായ രീതിയില്‍, റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി യുഎസും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 62 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി യുഎസ് യുക്രൈനെ പിന്തുണച്ചതാണ് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണം.