പതിവിലും നേരത്തേ ഫ്ലൂ പടർന്നുപിടിച്ചതോടെ യുകെയിലെമ്പാടും എൻഎച്ച്എസ് ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലായി. പലയിടത്തും ബെഡുകൾ നിറഞ്ഞതോടെ അത്യാവശ്യക്കാർ അല്ലാത്തവർ ആശുപത്രികളിലേക്ക് അഡ്‌മിഷനായി വരരുതെന്ന് എൻഎച്ച്എസ് ട്രസ്റ്റ് അധികൃതർ ആവശ്യപ്പെട്ടു.
ഫ്ലൂവിൻ്റെയും മറ്റ് ശൈത്യകാല വൈറസുകളുടെയും തരംഗം ഇംഗ്ലണ്ടിലെ ആശുപത്രികളെ സാരമായി ബാധിക്കുന്നുവെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു.ബി എൻഎച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് കഴിഞ്ഞയാഴ്ച ശരാശരി 1,900 കിടക്കകളിൽ ഫ്ലൂ രോഗികൾ ഉണ്ടായിരുന്നു. ഇത് മുമ്പത്തെ ആഴ്ചയിൽ നിന്ന് 70% വർധന കാണിക്കുന്നു.
അതുപോലെ കഴിഞ്ഞ വർഷം ഈ സമയത്തേക്കാൾ മൂന്നിരട്ടി കൂടുതലാണ് രോഗികളുടെ എണ്ണം. ആശുപത്രികൾക്കുള്ളിൽ വൈറസ് പടരുന്നത് തടയാൻ പാടുപെടുകയാണെന്നും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നത് തടയേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
ഫ്ലൂവിനു പുറമേ കോവിഡ്, ആർഎഎസ്.വി, ഛർദ്ദി ബഗ് നൊറോവൈറസ് എന്നിവയും ആളുകൾക്കിടയിൽ അതിവേഗം പടർന്നുപിടിക്കുന്നു.
സൗജന്യ വാക്‌സിൻ ബുക്ക് ചെയ്യാൻ ഒരാഴ്ച ശേഷിക്കെ, ഗുരുതരമായ രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും 'സീസണൽ പനി' ഒഴിവാക്കാനും വാക്‌സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം NHS ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് ചൂണ്ടിക്കാണിച്ചു.
ഇംഗ്ലണ്ടിലെ ആശുപത്രികൾ ഇതിനകം തന്നെ 95% കിടക്കകൾ നിറഞ്ഞ ശൈത്യകാല അവസ്ഥയിലാണ്. മഞ്ഞുകാലം കടുക്കുമ്പോൾ സ്ഥിതിഗതി കൂടുതൽ രൂക്ഷമാകും.
അതിനിടെ നാല് വ്യത്യസ്ത വൈറസുകൾ ബാധിച്ച രോഗികൾ കൂട്ടത്തോടെ പ്രവഹിച്ചതോടെ സ്ഫോടനാത്മകമായ അവസ്ഥയിലായി ബർമിംഗ്ഹാമിലെ ആശുപത്രികൾ. ഇത് ആശുപത്രി സേവനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫ്ലൂ നേരത്തേ വന്ന് ആളുകളെ കാര്യമായി ബാധിച്ചു. അതേസമയം കോവിഡ് -19, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്വി), നോറോവൈറസ് എന്നിവയുടെ കേസുകളും ദിനംതോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
നഗരത്തിലുടനീളം ആശുപത്രികൾ ഏകദേശം 100% ബഡ്ഡുകൾ നിറഞ്ഞ നിലയിൽ പ്രവർത്തിക്കുന്നു. നിരവധി രോഗികൾ ഗുരുതരാവസ്ഥയിലാണ്.
സ്വന്തം സുരക്ഷയ്‌ക്കായി മാത്രമല്ല ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും വാക്സിനേഷൻ എടുക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ബിർമിംഹാമിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ ശൈത്യകാലത്തെ ഏറ്റവും ഉയർന്ന 219 നെ അപേക്ഷിച്ച് ബുധനാഴ്ച, 275 ഫ്ലൂ രോഗികൾ ബിർമിംഹാം സിറ്റിയിലെ ആശുപത്രി കിടക്കകളിൽ ഉണ്ടായിരുന്നു. പല രോഗികൾക്കും വിദഗ്ദ്ധ ചികിത്സയോ തീവ്രപരിചരണ വിഭാഗത്തിലോ ചികിത്സ ആവശ്യമാണ്.
ബിർമിംഗ്ഹാം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി കേസുകൾ ഇരട്ടിയായി. വാർഡുകളിൽ നോറോവൈറസിൻ്റെ കൂടി സാന്നിധ്യം അധിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, കാരണം ബാധിക്കുന്ന രോഗികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനാൽ സിസ്റ്റത്തിന് കിടക്കകൾ നഷ്ടപ്പെടുന്നു.
നഗരത്തിലുടനീളമുള്ള വാക്സിനേഷൻ നിരക്കുകളും നിലവിൽ ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.
അത്യാവശ്യമല്ലാതെ A&E-യിൽ വരരുതെന്ന് ആളുകളോട് എൻഎച്ച്എസ് ബർമിംഗ്ഹാമിലെയും സോളിഹുളിലെയും ചീഫ് മെഡിക്കൽ ഓഫീസർ ഡോ ക്ലാര ഡേ അഭ്യർത്ഥിച്ചു. പകരം ഒരു ഫാർമസി സന്ദർശിക്കണം, ഒരു ജിപിയോട് സംസാരിക്കണം അല്ലെങ്കിൽ 111 ഡയൽ ചെയ്യണം എന്നീ മാർഗങ്ങൾ സ്വീകരിക്കാനും ആവാശ്യപ്പെടുന്നു.