പുതിയ ലേബർ സർക്കാരും പ്രധാനമന്ത്രി കിയെർ സ്റ്റാർമറും വാക്കുപാലിച്ചാൽ കേരളത്തിൽ നിന്നുള്ള കൽപ്പണിക്കരും മരപ്പണിക്കാരും പ്ലംബർമാരും ഇലക്ട്രീഷ്യന്മാരും അടക്കമുള്ള കെട്ടിട നിർമ്മാണത്തൊഴിലാളികൾ വർക്കർ വിസയിൽ അധികം വൈകാതെ യുകെയിലെത്തും.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ യുകെയിൽ 15 ലക്ഷത്തോളം പുതിയ വീടുകൾ പണിയുമെന്നാണ് പ്രധാനമന്ത്രി കിയെർ സ്റ്റാർമറുടെ വാഗ്‌ദാനം. എന്നാൽ ഈ ലക്‌ഷ്യം കൈവരിക്കാൻ ആവശ്യമായ തൊഴിലാളികൾ എവിടെയെന്ന് ഭവന നിർമ്മാതാക്കൾ ചോദിക്കുന്നു.
നിലവിൽ രൂക്ഷമായ തൊഴിലാളിക്ഷാമം നേരിടുകയാണ് യുകെയിലെ കെട്ടിട നിർമ്മാണ മേഖല. എഴുപത്തിനായിരത്തോളം ഒഴിവുകൾ ഈരംഗത്തെ വിവിധ തൊഴിൽ തസ്തികകളിലായുണ്ടെന്ന് പ്രമുഖ ബിൽഡർമാർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ വാഗ്ദാനം ചെയ്യുന്ന 15 ലക്ഷം വീടുകൾ നിർമ്മിക്കാൻ മതിയായ നിർമ്മാണ തൊഴിലാളികളില്ലെന്നും വ്യവസായ പ്രമുഖർ മുന്നറിയിപ്പ് നൽകി.
പതിനായിരക്കണക്കിന് പുതിയ വിദേശ റിക്രൂട്ട്‌മെൻ്റുകൾ ഇഷ്ടികപ്പണി, പ്ലാസ്റ്ററിങ്, ഗ്രൗണ്ട് വർക്കുകൾ, ആശാരിപ്പണികൾ, പ്ലംബിങ്, ഇലക്ട്രിക്കൽ, ടൈലിങ്, റൂഫിങ് എന്നിവയിലെ തൊഴിലാളികൾക്കായി നടത്തേണ്ടിവരുമെന്നും ബിൽഡേഴ്‌സ് വ്യക്തമാക്കി.
നേരത്തെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പോർച്ചുഗൽ, സ്‌പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ് ഈ ജോലികൾ ചെയ്‌തിരുന്നത്. എന്നാൽ ബ്രെക്സിറ്റോടെ ഈ രാജ്യങ്ങളിൽ നിന്നുമെത്തുന്ന തൊഴിലാളികളിൽ കാര്യമായ കുറവുവന്നു.
അതോടൊപ്പം ഈ സ്‌കില്ലുകൾ പഠിച്ചിറങ്ങുന്ന ആഭ്യന്തര തൊഴിലാളികളുടെ കുറവ്, രാജ്യത്തുള്ള നിലവിലെ പ്രായമായ തൊഴിലാളികൾ എന്നിവയും യുകെയുടെ നിർമ്മാണമേഖലയിലെ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് ഏറ്റവും വലിയ ഹൗസ് ബിൽഡർ ബാരറ്റ് റിഡ്രോയ്‌ക്കൊപ്പം ഹോം ബിൽഡേഴ്‌സ് ഫെഡറേഷനും (എച്ച്ബിഎഫ്) ഒരേപോലെ ചൂണ്ടിക്കാണിക്കുന്നു.
നിർമാണത്തൊഴിലാളികളുടെ വലിയ ക്ഷാമം ഉണ്ടെന്നകാര്യം ഇപ്പോൾ സർക്കാരും സ്ഥിരീകരിക്കുന്നു. അതിനാൽ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും സർക്കാർ വക്താക്കൾ വ്യക്തമാക്കി.
2029 ഓടെ ഇംഗ്ലണ്ടിൽ 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അധികാരമേറ്റയുടനെ പ്രധാനമന്ത്രി സർ കിയെർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രതിജ്ഞ ആവർത്തിക്കുകയും ചെയ്തു. ഇതിനായി ആസൂത്രണ സംവിധാനത്തിലെ വലിയ മാറ്റങ്ങൾ നടത്തുകയും പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള വഴിയിൽ തടസ്സമായി നിൽക്കുന്നതെല്ലാം മറികടക്കുമെന്നും പ്രഖ്യാപിച്ചു.
കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് വീടുകളുടെ വില കുറയ്ക്കുകയും വീടുകൾ വാങ്ങുകയും വാടകയ്ക്ക് നൽകുകയും ചെയ്യുന്നത് സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാകുന്നതാക്കുമെന്നും ലേബർ പാർട്ടി പ്രതീക്ഷിക്കുന്നു. ഇത് യുവാക്കളേയും ആദ്യവാങ്ങലുകാരേയും കൂടുതൽ സഹായിക്കും.
കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് ഈ മേഖലയിലെ നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ഉടൻ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് വ്യക്തമാക്കുന്നു.
ഗവൺമെൻ്റിൻ്റെ പദ്ധതികളെ അടിസ്ഥാനമാക്കി, ഇതിനായി ആവശ്യമായ പുതിയ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയത് ചുവടെ:
20,000 ഇഷ്ടികപ്പണിക്കാർ
2,400 പ്ലംബർമാർ
8,000 മരപ്പണിക്കാർ
3,200 പ്ലാസ്റ്ററർമാർ
20,000 ഗ്രൗണ്ട് വർക്കർമാർ
1,200 ടൈലിങ് ജോലിക്കാർ
2,400 ഇലക്ട്രീഷ്യന്മാർ
2,400 റൂഫിങ് പണിക്കാർ
480 എഞ്ചിനീയർമാർ
പരിചയസമ്പന്നനായ ഒരു ഇഷ്ടികപ്പണിക്കാരന് പ്രതിവർഷം 45,000 പൗണ്ട് സമ്പാദിക്കാനാകും, അതേസമയം ആശാരിമാർക്ക് 38,000 പൗണ്ടും ഇലക്ട്രീഷ്യൻമാർക്ക് 44,000 പൗണ്ടും സർക്കാർ കണക്കുകൾ പ്രകാരം ലഭിക്കും. അതായത് ജൂനിയർ നഴ്‌സുമാരേക്കാൾ കൂടുതലാകും ഇവർക്ക് ലഭിക്കുന്ന പ്രാഥമിക വേതനം.
ഈ മേഖലയിലെ പുതിയ റിക്രൂട്ടുമെന്റുകൾക്കായി യുകെയ്ക്ക് നിലവിൽ ഏറ്റവുമധികം ആശ്രയിക്കാൻ കഴിയുന്ന രാജ്യം ഇന്ത്യയാണ്. അതിനാൽ കേരളത്തിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികൾക്കും നിയമമാറ്റം വന്നാൽ അതിവേഗം യുകെയിൽ എത്തുവാനാകും.
എന്നാൽ മുന്നിൽ കടമ്പകളും ഏറെയുണ്ട്. മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റി ഇതേക്കുറിച്ച് പഠനം നടത്തുകയും ഈ മേഖലയിൽ തൊഴിലാളികളുടെ കുറവുള്ള തസ്തികകൾ ഷോർട്ടേജ് ഒക്കപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും വേണം. വിദേശ റിക്രൂട്ട്മെന്റുകൾ നടത്താൻ സർക്കാർ പാർലമെന്റിന്റെ അനുമതിയും നേടേണ്ടതുണ്ട്.
എങ്കിലും അധികകാലം ഈ ആവശ്യം കണ്ടില്ലെന്നുനടിച്ച് സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ല. അതിനാൽത്തന്നെ മലയാളി മേസ്തിരിമാരും മരപ്പണിക്കാരും ഷവൽ ഓപ്പറേറ്റർമാരുമൊക്കെ യുകെയിലേക്ക് വിമാനം കയറുന്നകാലം വിദൂരമല്ലെന്നുതന്നെ കരുതാം.