പലതരം കേസുകള്‍ കോടതിയില്‍ ദിവസേന എത്താറുണ്ട്. അതില്‍ ഇതാ വളരെ വ്യത്യസ്തമായ ഒരു കേസ് ആണ് എത്തിയിരിക്കുന്നത്.
വളരെ അസാധാരണമായ ഒരു കേസാണ് കര്‍ണാടക ഹൈക്കോടതിയില്‍ കുറച്ച് ദിവസം മുമ്പ് എത്തിയത്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവിനെതിരെ ഭാര്യ നല്‍കിയ പരാതിയാണ് ഒടുവില്‍ കോടതിക്ക് മുന്നിലെത്തിയത്. ഭര്‍ത്താവ് തന്നേക്കാള്‍ പ്രാധാന്യം നല്‍കുന്നത് തങ്ങളുടെ വീട്ടിലെ പൂച്ചയ്ക്കാണ് എന്നതായിരുന്നു യുവതിയുടെ പരാതി. കേസില്‍ തുടരന്വേഷണം കോടതിയിടപെടലില്‍ നിര്‍ത്തി വച്ചിരിക്കയാണ്.
വീട്ടില്‍ നടക്കുന്ന സാധാരണ തര്‍ക്കങ്ങളാണ് ഒടുവില്‍ കോടതി വരെ എത്തിയിരിക്കുന്നത്. ഭര്‍ത്താവിന് തന്നേക്കാള്‍ പ്രധാനം വീട്ടിലെ പൂച്ചയാണ് എന്നും ഇതിന്റെ പേരില്‍ എന്നും വീട്ടില്‍ താനും ഭര്‍ത്താവും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നു എന്നുമായിരുന്നു ഭാര്യയുടെ ആരോപണം. ആ പൂച്ച തന്നെ മാന്തിയെന്നും ഭാര്യ ആരോപിക്കുന്നു. ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, ക്രൂരത, സ്ത്രീധനം ചോദിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷന്‍ 498 എ പ്രകാരമാണ് നിയമനടപടികള്‍ തുടങ്ങിയത്. എന്നാല്‍, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തര്‍ക്കങ്ങള്‍ക്ക് കാരണം, പകരം പൂച്ചയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ജസ്റ്റിസ് എം. നാഗപ്രസന്ന പറയുന്നത്, ഭര്‍ത്താവ് പൂച്ചയെ കൂടുതല്‍ ശ്രദ്ധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭാര്യയുടെ പരാതിയെന്നും അതാണ് വാദപ്രതിവാദങ്ങളിലേക്ക് നയിച്ചത് എന്നുമായിരുന്നു. പൂച്ചയാണെങ്കില്‍ ഒന്നിലധികം തവണ ഭാര്യയെ മാന്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി.
യുവതിയുടെ പരാതി മേല്‍പ്പറഞ്ഞ ഐപിസി സെക്ഷന്‍ പരിധിയില്‍ വരുന്നതല്ല എന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. ഇത്തരം ചെറിയ തര്‍ക്കങ്ങള്‍ വലിയ പ്രശ്‌നങ്ങളായി കോടതിയുടെ മുന്നിലെത്തുന്നത് നീതിന്യായ വ്യവസ്ഥയെ യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.