ശബരിമല സന്നിധാനത്ത് റുബിക്സ് ക്യൂബുകള്‍ കൊണ്ട് അയ്യപ്പ രൂപം തീര്‍ത്ത് കന്നി സ്വാമിമാരായ കൊച്ചു മിടുക്കന്മാര്‍. ആമ്പല്ലൂരില്‍ നിന്നെത്തിയ അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നീ സഹോദരങ്ങളാണ് അയ്യപ്പരൂപം തീര്‍ത്തത്.
അയ്യപ്പന് കാണിക്കയുമായി എത്തിയതാണ് ഈ കന്നി സ്വാമിമാര്‍. 504 റുബിക്സ് ക്യൂബുകള്‍ കൊണ്ട് മിനിറ്റുകള്‍ക്കുള്ളിലാണ് കൊച്ചുമിടുക്കന്മാര്‍ അയ്യപ്പ രൂപം തീര്‍ത്തത്. ചേട്ടനും അനിയനും വീട്ടില്‍ തല്ലു കൂടുന്നത് അവസാനിപ്പിക്കാന്‍ അമ്മ പഠിപ്പിച്ചതാണത്രേ ഈ വിദ്യ.
അയ്യപ്പന്റെ രൂപം ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെന്ന് അഭിനവ് പറയുന്നു. ഗാന്ധിജി, എപിജെ അബ്ദുള്‍കലാം, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുടെ രൂപം ഇതിന് മുന്‍പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അഭിനവ് പറഞ്ഞു. അവര്‍ തന്റെ രൂപം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
അവര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭഗവാന്റെ രൂപമുണ്ടാക്കാമോ എന്ന് ചോദിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. അവരതൊക്കെ നിസ്സാരമായിട്ടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല. ഉടന്‍ പുറത്തിറങ്ങുന്ന അയ്യപ്പ ഭക്തിഗാന ആല്‍ബത്തിലും കന്നിസ്വാമിമാരായ ഈ കൊച്ചുമിടുക്കന്‍മാര്‍ അഭിനയിക്കുന്നുണ്ട്.