വളരെ അപൂർവ്വമായ മരണവാർത്തയുടെ നടുക്കത്തിലേക്കാണ് കേരളം ഇന്ന് കണ്ണുതുറന്നത്. മധുവിധുവിന്റെ മാധുര്യം മാറുംമുമ്പെ, കാനഡയിലെ പ്രവാസി വരനും വധുവും ഇരുവരുടെയും പിതാക്കന്മാരും കാറപകടത്തിൽ കൊല്ലപ്പെട്ടു.
മലേഷ്യയിൽ മധുവിധു കഴിഞ്ഞുവന്ന ദമ്പതികളെ എയർപോർട്ടിൽ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദാരുണമായ അപകടം. വീട്ടിലെത്താൻ വെറും ഏഴുകിലോമീറ്റർ മാത്രം അകലെയായിരിക്കുമ്പോഴാണ് വിധിയുടെ ക്രൂരതയെന്നത് ബന്ധുക്കളുടെ ഉള്ളുലയ്ക്കുന്നു.
പത്തനംതിട്ട മല്ലശേരി സ്വദേശികളായ നവദമ്പതികൾ നിഖിലും അനുവും അവരുടെ പിതാക്കന്മാരായ മത്തായി ഈപ്പൻ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. എട്ട് വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായതാണ് അയൽവാസികളായ നിഖിലും അനുവും. 15 ദിവസം മുമ്പുമാത്രമായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞ് മലേഷ്യയിൽ മധുവിധു ആഘോഷിക്കാൻ പോയതായിരുന്നു നവദമ്പതികൾ. അതിനുശേഷം മടങ്ങിയെത്തിയപ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാൻ പോയതാണ് ഇരുവരുടേയും പിതാക്കന്മാർ. മടക്കയാത്രയിൽ വീടെത്താൻ ഏതാനും കിലോമീറ്ററുകൾ മാത്രം അവശേഷിക്കെയാണ് വിധിയുടെ വേട്ടയാടൽ.
അനുവിനെ കാനഡയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരികയായിരുന്നു നിഖിലെന്ന് ബന്ധുക്കൾ പറഞ്ഞു. കാനഡയിലേക്ക് മടങ്ങുന്നതിന് മുൻപ് മകനെയും മരുമകളേയും സ്വീകരിക്കാൻ കാത്തിരുന്ന വീട്ടുകാർ കേൾക്കുന്നത് മരണവാർത്തയാണ്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ ആയിരുന്നു അപകടം. വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെ മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടം രണ്ടുകുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
ഏറെനാളത്തെ പ്രണയം വിവാഹമായി പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു നിഖിലും അനുവുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും വർഷങ്ങളായി കാനഡയിലുള്ള നിഖിൽ, മടങ്ങുമ്പോൾ അനുവിനെക്കൂടി കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനുള്ള വിസക്രമീകരണങ്ങൾ എല്ലാം പൂർത്തീകരിച്ചിരുന്നു. എന്നാൽ വിധിയുടെ നിശ്ചയം മറ്റൊന്നായി.
ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ മല്ലശ്ശേരി സ്വദേശികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഓടിക്കൂടിയവർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.
നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകട കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.
മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദീർഘകാല പ്രണയത്തിനുശേഷം നിഖിലും അനിലും ഒന്നിച്ചതിന്റെ സന്തോഷത്തിലായിരുന്നു സമീപവാസികളായ ഇരുവരുടേയും കുടുംബങ്ങൾ. ഒരു ദുഃസ്വപ്നംപോലെ കടന്നുവന്ന അപകടവാർത്ത വിശ്വസിക്കാൻ കഴിയാതെ നെഞ്ചുപൊട്ടി കരയുകയാണ് ഉറ്റബന്ധുക്കൾ. സന്തോഷത്തിന്റെ പൂത്തിരികൾ വിരിയേണ്ട വീടുകൾ ഒരുനിമിഷംകൊണ്ട് കണ്ണീർക്കയങ്ങളായി മാറി.