കുവൈറ്റിൽ ജോലിചെയ്യുമ്പോൾ ‘ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ’ നിന്നും ലോണെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടവരിൽ എഴുന്നൂറോളം പേർ നഴ്‌സുമാരാണെന്ന് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ ലോണെടുത്ത് തിരിച്ചടയ്ക്കാത്ത കേസിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്.
ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് കേരള പൊലീസിൽ പരാതി നല്കിയതിനെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രധാന പത്ത് വഞ്ചനാ കേസുകൾ രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ ഇപ്പോൾ കേന്ദ്രസർക്കാരും കേരള സർക്കാരിനോടും ഗൾഫ് ബാങ്കിനോടും ആവശ്യപ്പെട്ടുകഴിഞ്ഞു.
ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പിന്‍റെ വിവരം പുറത്തുവരുന്നത്. സംസ്ഥാന പൊലീസ് ഉന്നതരെ കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്.
വീഴ്ച വരുത്തിയവരെ തിരിച്ചറിഞ്ഞ് കൂടുതൽ പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്നും അധികം വൈകാതെ കൂടുതൽ കേസുകൾ ചാർജ്ജുചെയ്യുമെന്നും കേസിൽ ബാങ്കിനെ സഹായിക്കുന്ന മലയാളി അഭിഭാഷകൻ തോമസ് ജെ ആനക്കള്ളുങ്കൽ പറഞ്ഞു.
വായ്പാ തിരിച്ചടവ് മുടങ്ങിയത് അറിഞ്ഞ ബാങ്ക് അധികൃതര്‍ മൂന്ന് മാസം മുമ്പാണ് തട്ടിപ്പില്‍ 1,400ലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തട്ടിപ്പ് നടത്താന്‍ പ്രതികള്‍ സ്വീകരിച്ചത് വളരെ എളുപ്പവും കേട്ടുപരിചയമുള്ളതുമായ രീതിയാണ്. ഇവരുടേത് വളരെ എളുപ്പമായ മോഡസ് ഓപ്പറാണ്ടി അക്കൗണ്ട് സിസ്റ്റം ആയിരുന്നെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.
ബാങ്കിന്റെ വിശ്വാസ്ത നേടിയെടുക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. കുവൈത്തിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ഇവര്‍ വന്‍ തുക ലോണെടുത്തത്. ബാങ്കില്‍ നിന്ന് ആദ്യം ചെറിയ തുകകള്‍ വായ്പ എടുത്ത ശേഷം ഇവര്‍ കൃത്യമായി തിരികെ അടച്ചിരുന്നു. ലോണുകള്‍ തിരിച്ചടച്ച് ക്രെഡിറ്റ് സ്കോറുകൾ ഉയർത്തിയും ബാങ്കിന്റെ വിശ്വാസം നേടിയതിനും ശേഷമാണ് വന്‍ തുക വായ്പയായി എടുത്തതും കുവൈത്തില്‍ നിന്ന് മുങ്ങിയതും.
കോടികള്‍ വായ്പയായി എടുത്ത പ്രതികളില്‍ കൂടുതല്‍പ്പേരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ കുറച്ച് തവണകള്‍ തിരിച്ച് അടച്ചശേഷം പലപ്പോഴായി ഇവര്‍ രാജ്യം വിട്ടതായാണ് ബാങ്ക് അധികൃതരുടെ പരാതി. യുകെ, യു.എസ്, കാനഡ, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പലരും കുടിയേറിയത്.
അതിനിടെ കേരളത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന നഴ്‌സുമാരേക്കാൾ, ലോണെടുത്ത് മുങ്ങിയ ചില നഴ്‌സുമാർ ഇപ്പോൾ യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലടക്കം ലക്ഷങ്ങൾ ശമ്പളം വാങ്ങി ജോലിചെയ്യുന്നു. അവർ ലോൺ ഇനിയും തിരിച്ചടയ്ക്കാത്തതാണ് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) പ്രസിഡന്റ് ജാസ്‌മിൻ ഷാ ആരോപിച്ചു.
റിക്രൂട്ട്മെന്റ് ചെലവുകൾക്കായാണ് ഭൂരിഭാഗം നഴ്സുമാരും വായ്പയെടുത്തത്. കുടിശ്ശിക വരുത്തിയവരിൽ ഒരു വിഭാഗം മാത്രമാണ് നഴ്സുമാർ. അവരിൽ ഭൂരിഭാഗവും വായ്പകൊണ്ട് വലിയ റിക്രൂട്ട്മെന്റ് ചെലവുകൾ നിറവേറ്റി. , അവരുടെ ശമ്പളത്തിൽ നിന്ന് തിരിച്ചടയ്ക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ നാളുകളിൽ അവർക്ക് ജോലി നഷ്ടപ്പെട്ടു, ഇത് ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തി. കേരളത്തിലേക്ക് മടങ്ങിയെത്തിയവരിൽ പലർക്കും കൊവിഡ് കാലത്ത് യാത്രാ നിയന്ത്രണങ്ങൾ കാരണം ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. അവരിൽ ചിലർ ഇപ്പോഴും അനുയോജ്യമായ ജോലി കണ്ടെത്താൻ പാടുപെടുകയാണ്."
“ഒരു നഴ്സിന്റെ പ്രതിമാസ ശമ്പളം 25,000 രൂപയിൽ താഴെയുള്ള കേരളത്തിലെ ആശുപത്രികളിൽ ഈ നഴ്സുമാരിൽ ചിലർക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും "കുവൈറ്റ് വായ്പയ്ക്കുള്ള ഇഎംഐ ഏകദേശം ഒരു ലക്ഷം രൂപയാണെന്നും" ഷാ ചൂണ്ടിക്കാട്ടി.
അതേസമയം "പരാതികളിൽ ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വായ്പ തിരിച്ചടയ്ക്കാത്തവർക്കുള്ള ഈ വഞ്ചനാ കേസുകൾ നിയമപരമായ നടപടിയ്ക്ക് വിധേയമാകുമോ കേസ് ഇന്ത്യൻ കോടതിയിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. വായ്പക്കാർക്ക് വായ്പ ലഭിക്കുന്നതിന് വ്യാ രേഖകൾ നൽകിയെങ്കിൽ മാത്രമേ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും വായ്പാ വീഴ്ചകളിലെ നിയമപരമായ പരിശോധനയ്ക്ക് വിധേയമാകൂ. ഈടില്ലാതെ എന്തിനാണ് ബാങ്ക് പ്രവാസികൾക്ക് വായ്പ നൽകിയത്? എന്തുകൊണ്ടാണ് ബാങ്കിന്റെ ആന്തരിക സംവിധാനം പ്രവർത്തിക്കാതിരുനിന്നത്?" കേസുമായി ബന്ധമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
എന്തായാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോൾ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതരിൽ നിന്ന് വിവരം തേടിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇവരുടെ മുഴുവൻ വിശദാംശങ്ങളും വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ചർച്ച ചെയ്തശേഷം മറുപടി നൽകാമെന്ന് ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് അധികൃതർ മറുപടി നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങളും പൊലീസിൽ നിന്ന് കേന്ദ്രസർക്കാർ ശേഖരിച്ചു. അടുത്തയാഴ്ച കേരളത്തിൽ എത്തുന്ന ബാങ്ക് അധികൃതർ കൂടുതൽ പരാതികൾ നൽകും.
എന്നാൽ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ ലോണെടുത്ത് മുങ്ങിയശേഷം യുകെയിൽ സുഖവാസം നടത്തുന്ന വിജയ് മല്യ, നീരവ് മോദി, ലളിത് മോദി എന്നിവരെ ഇന്ത്യയിലെത്തിക്കാനും അവരുടെ കേസുകൾ നടത്താനും കാണിക്കാത്ത ശുഷ്‌കാന്തി, കേന്ദ്രസർക്കാർ ഗൾഫിലെ സാധാരണക്കാരുടെ കാര്യത്തിൽ എന്തിനാണ് കാണിക്കുന്നതെന്ന വിമർശനവും സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഉയരുന്നു.