കോവിഡും പ്രളയഭീതിയും ഒന്നുമില്ലാത്ത അവധിക്കാലത്ത് നാട്ടിലേക്ക് പോയിവരാമെന്നുള്ള യുകെ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ആഗ്രഹത്തിന് കനത്ത ഇരുട്ടടിയായി യാത്രാനിരക്കുകൾ കുത്തനെ കൂട്ടിയിരിക്കുകയാണ് പ്രമുഖ വിമാനക്കമ്പനികൾ.
പണ്ടൊക്കെ സാധാരണക്കാരുടെ ആശ്രയം എന്നറിയപ്പെട്ടിരുന്ന എയർ ഇന്ത്യയും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിക്കഴിഞ്ഞു. കേന്ദ്രസർക്കാർ വിമാന ഇന്ധന നിരക്കുകൾ ഡിസംബർ ഒന്നുമുതൽ വർധിപ്പിച്ചതിന്റെ മറപിടിച്ചാണ് എയർ ഇന്ത്യയുടെ കൊള്ളയടി. ഇതിനൊപ്പം സീസൺ നിരക്കുവർധന കൂടിയാകുമ്പോൾ സമീപകാലത്തൊന്നും നിലവിലില്ലാത്ത ഉയർന്ന നിരക്കുകൾ നാട്ടിലേക്കുള്ള യാത്രയ്ക്കും തിരിച്ചും പ്രവാസികൾ നൽകേണ്ടി വരുന്നു.
ക്രിസ്‌മസ്സ് അവധിയ്ക്ക് സ്‌കൂളുകൾ അടയ്ക്കുന്നതോടെ പതിവായി നാട്ടിൽപ്പോകുന്ന യുകെ മലയാളി കുടുംബങ്ങളും ഇതോടെ ആശങ്കയിലാണ്. ഒരുദിവസമെങ്കിലും മാതാപിതാക്കളോടും നാട്ടിലെ ബന്ധുക്കളോടുമൊപ്പം കഴിയാനുള്ള ആഗ്രഹവും ഇതിനാൽ പലരും ഉപേക്ഷിക്കുന്നു. അതിനാൽത്തന്നെ ഉത്സവ സീസൺ അല്ലാത്ത സമയമാണ് ഇപ്പോൾ പലരും നാട്ടിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നതും.
ലണ്ടൻ ഹീത്രോവിൽ നിന്നും കൊച്ചിയിലേക്കുള്ള അപ് ആൻഡ് ഡൌൺ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾത്തന്നെ സർവ്വകാല
വർദ്ധനവിലാണ്. ഇത് ക്രിസ്‌മസ്സ് - ന്യൂ ഇയർ ദിനങ്ങളിലേക്ക് എത്തുമ്പോൾ ഇനിയും കുത്തനെ ഉയരുമെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. ആ ദിനങ്ങളിൽ ടിക്കറ്റുകളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്.
എന്നാൽ ട്രാവൽ ഏജൻസികളിൽ ഉയർന്നനിരക്കിൽ കരിഞ്ചന്തയിൽ ടിക്കറ്റുകൾ വാങ്ങാനാകും. മുൻകൂട്ടി ടിക്കറ്റുകൾ ബുക്കുചെയ്തുവച്ചാണ് ട്രാവൽ ഏജൻസികളുടെ ഈ കൊള്ളയടി. ഇത് നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ ഒരു നടപടിയുമില്ല. എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകളും ഇത്തവണ കുത്തനെ ഉയർന്നുവെന്നത് പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും സ്വകാര്യമേഖലാ സ്ഥാപനത്തിലേക്കുള്ള മാറ്റം സമ്പൂർണ്ണമായെന്നും തെളിയിക്കുന്നു.
1800 പൗണ്ടോളമാണ് ഹീത്രോവിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ റിട്ടേൺ അടക്കമുള്ള ഇക്കണോമി ക്ലാസ്സ് ടിക്കറ്റ് നിരക്ക്. അതായത് ഇപ്പോഴത്തെ പൗണ്ട് നിരക്കനുസരിച്ച് 185000 രൂപയോളം നൽകണം. വൺവേ ചാർജ്ജ് മാത്രം 90000 രുപയോളമാകും. പ്രീമിയം ഇക്കണോമി ക്ലാസ്സുകളിൽ മൂന്നരലക്ഷവും ബിസിനസ്സ് ക്ലാസ്സിൽ രണ്ടരലക്ഷവും അപ് ആൻഡ് ഡൗൺ ചാർജ്ജ് നൽകണം.
സീസൺ അല്ലാത്ത സമയങ്ങളിൽ 35000 രൂപയ്ക്കുവരെ വൺവേ ടിക്കറ്റ് ലഭിക്കും. അവിടെയാണ് സീസൺ നോക്കിയുള്ള ഈ കൊള്ളയടിയുടെ ആഴം മനസ്സിലാകുക. മറ്റുസമയങ്ങളിലെ നഷ്ടം സീസൺ നിരക്കുകൊണ്ട് മറികടക്കാൻ വിമാനക്കമ്പനികൾ ശ്രമിക്കുമ്പോൾ പ്രവാസിയുടെ പോക്കറ്റുകീറുകയും വല്ലപ്പോഴും കുടുംബവുമൊത്ത് നാട്ടിൽ പോകാമെന്നുള്ള പ്രതീക്ഷ അസ്തമിക്കുകയും ചെയ്യുന്നു.
ഹീത്രോയെ അപേക്ഷിച്ച് ഗാറ്റ്‌വിക്കിൽ നിന്നുള്ള യാത്ര കുറേക്കൂടി ലാഭകരമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. 60000 രൂപയിൽ താഴെ ഡെൽഹി, മുംബൈ വഴിയുള്ള കണക്ഷൻ ഫ്‌ളൈറ്റിൽ അവിടെനിന്നും കേരളത്തിലെത്താം. എന്നാൽ എപ്പോഴും വിമാനം ഉണ്ടാകില്ലെന്ന് മാത്രമല്ല, കൂടുതൽ മണിക്കൂറുകൾ യാത്രയ്ക്കായി ചിലവഴിക്കുകയും വേണ്ടിവരും.
യുകെ മലയാളികൾ ഏറെ ആശ്രയിക്കുന്ന ഗൾഫ് വഴിയുള്ള യാത്രയും കൈപൊള്ളിക്കും. ഗൾഫിലും അവധിക്കായി സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരാഴ്ച മുൻപത്തെ നിരക്കിനേക്കാൾ രണ്ടിരട്ടിയോളമാണ് കമ്പനികൾ വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ഈവഴിക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
സീസൺ സമയത്ത് യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 4000 മുതൽ 10,000 രൂപ വരെ അധികം നൽകണം. എന്നാൽ ഓഫ് പീക്ക് സമയത്ത് അബുദാബിയിൽനിന്ന് ചില എയർലൈനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അതുപോലെ കേരളത്തിലെ കണ്ണൂരിലേക്ക് യുഎഇയിൽനിന്ന് അധികം സർവീസില്ലാത്തതിനാൽ നിരക്ക് താരതമ്യേന കൂടുതലാണ്. നിലവിൽ ഇൻഡിഗോയ്ക്കും എയർഇന്ത്യ എക്സ്പ്രസിനുമാണ് പ്രതിദിന സർവീസുള്ളത്.
ജെറ്റ് ഇന്ധനം അല്ലെങ്കിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318.12 രൂപവരെ കേന്ദ്രസർക്കാർ ഉയർത്തിയതാണ് ഇത്തവണത്തെ നിരക്കുവർദ്ധനവിന് പ്രധാന കാരണമായി വിമാനക്കമ്പനികൾ ഉയർത്തിക്കാട്ടുന്നത്. 1.45 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ വന്നിട്ടുള്ളത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡെൽഹിയിൽ ഇതുമൂലം വിമാനങ്ങളുടെ ചെലവ് കിലോമീറ്ററിന് 91,856.84 രൂപയായി ഉയർന്നതായും വിമാനക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു.